ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു; യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: പരിഹാസവുമായി അഖിലേഷ് യാദവ്

 ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു; യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: പരിഹാസവുമായി അഖിലേഷ് യാദവ്

ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയെയും വൈകാതെ കാണുമെന്നാണ് വിവരം.

ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ അദേഹവും രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപിക്ക് ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ച് ചൗധരി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ ഇപ്പോള്‍ നീക്കങ്ങള്‍ ശക്തമാക്കിയത്. 2016, 2017 വര്‍ഷങ്ങളില്‍ യു.പി ബിജെപി അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ.

നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാറിലും അഴിച്ചു പണിക്കും കേന്ദ്ര നേതൃത്വം മുതിര്‍ന്നേക്കും. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുന്‍പ് അഴിച്ചുപണി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെ രാജ്ഭവനിലെത്തി യോഗി ആദിത്യനാഥ് കണ്ടിരുന്നു.

എന്നാല്‍ നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധര്‍. ആ നിലയ്ക്ക് യോഗിയുടെ വാക്കുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്‍എസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.

യുപിയിലെ ഭിന്നത ചൂണ്ടിക്കാട്ടി പരിഹാസം തുടരുകയാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മണ്‍സൂണ്‍ ഓഫര്‍ വയ്ക്കുകയാണെന്നും 100 പേരെ ബിജെപിക്ക് പുറത്ത് കൊണ്ടു വന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.