അതിതീവ്ര മഴയ്ക്ക് സാധ്യത: വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിതീവ്ര മഴയ്ക്ക് സാധ്യത: വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാടും കണ്ണൂരും മാത്രമായിരുന്നു ആദ്യം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പിന്നീട് കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും വരും മണിക്കൂറുകളില്‍ അതിതീവ്ര മഴയാണ് പ്രവചിക്കുന്നത്.

പെരുമഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് നേരത്തേ തന്നെ സാധ്യത പ്രവചിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ മഴ കനത്തത്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ തീരത്ത് എത്താനാണ് സാധ്യത.

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.