അങ്കോള: കര്‍ണാടകയിലെ ഷിരൂരിന് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമെത്തി. അര്‍ജുനെ കാണാതായി ആറാം ദിവസമാണ് അപകട സ്ഥലത്ത് സൈന്യമെത്തിയത്. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഐഎസ്ആര്‍ഒ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കും.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായാല്‍ കൂടുതല്‍ കൃത്യതയോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലോറിയുള്ള ഭാഗം കണ്ടെത്താന്‍ സാധിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവ സ്ഥലത്തുണ്ട്. കോഴിക്കോട് എംപി എംകെ രാഘവനും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമാണ് തിരച്ചലിനായി എത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. അതേസമയം ഇന്ന് രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്ക് പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
നിലവില്‍ ഇന്ത്യന്‍ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്. മീറ്ററുകളോളം ഉയരത്തിലാണ് നിലവില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ് മണ്ണിന്റെ പകുതി പോലും ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകട സമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്ക് തെറിച്ചുവീണു ഒഴുകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.