'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുത്': അവസാന നിമിഷം ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

  'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുത്': അവസാന നിമിഷം ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് റിപ്പോര്‍ട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഹര്‍ജിക്കാരന്റെ പ്രധാന വാദം.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്.

കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുജനതാതപര്യാര്‍ഥം ഉള്ള ഒന്നല്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നവര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

അതേസമയം വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് പുറത്തു വിടുന്നതെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാരും ഈ നിലപാടിനോട് യോജിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.