ഒന്നാം റാങ്കുകാര്‍ 17 പേരായി ചുരുങ്ങും; നീറ്റ് പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍

 ഒന്നാം റാങ്കുകാര്‍ 17 പേരായി ചുരുങ്ങും; നീറ്റ് പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ജേതാക്കള്‍ 17 പേരായി ചുരുങ്ങുമെന്നാണ് സൂചന. ചോദ്യ പേപ്പറിലെ വിവാദ ചോദ്യത്തില്‍ സുപ്രീം കോടതി തീര്‍പ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും.

പരീക്ഷയിലെ 19-ാം ചോദ്യത്തിന് രണ്ട് ഓപ്ഷനുകള്‍ ശരിയുത്തരമായി കണക്കാക്കി മാര്‍ക്ക് നല്‍കിയ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേര്‍ക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ ആറ് പേര്‍ നേരത്തെ ഒഴിവായിരുന്നു.

44 പേരുടെ മാര്‍ക്ക് 720 ല്‍ നിന്ന് 715 ആയി കുറയും. 720 ന് പിന്നില്‍ 716 മാര്‍ക്ക് നേടിയ 70 വിദ്യാര്‍ഥികളുണ്ട്. ഫലത്തില്‍ ആദ്യ പട്ടികയില്‍ ഒന്നാം റാങ്കുകാരായിരുന്ന 44 പേര്‍ക്ക് 88 മുതലുള്ള റാങ്കുകളാകും ലഭിക്കുക. 4,20,774 വിദ്യാര്‍ഥികള്‍ക്കാണ് അഞ്ച് മാര്‍ക്ക് വീതം നഷ്ടപ്പെടുന്നത്.

19-ാം ചോദ്യത്തിന് ഉത്തരമായി രണ്ട്, നാല് ഓപ്ഷനുകള്‍ എഴുതിയവര്‍ക്ക് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നാല് മാര്‍ക്ക് നല്‍കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തില്‍ ചോദ്യം പരിശോധിച്ച ഡല്‍ഹി ഐഐടി നാലാം ഓപ്ഷനാണ് ശരിയെന്ന് റിപ്പോര്‍ട്ട് നല്‍കി. രണ്ടാം ഓപ്ഷന്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നാല് മാര്‍ക്ക് നഷ്ടമാകും. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ആകും. ഇതോടെ അഞ്ച് മാര്‍ക്കിന്റെ കുറവുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.