ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളുടെ നാസയിലെ പരിശീലനം ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളുടെ നാസയിലെ പരിശീലനം ഓഗസ്റ്റില്‍ തുടങ്ങുമെന്ന്  ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഓഗസ്റ്റില്‍ നാസയുടെ ടെക്‌സാസിലെ ലിന്‍ഡന്‍ വി. ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ അറിയിച്ചു.

അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളായ സ്‌പേസ് എക്‌സും ആക്‌സിയവും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ സഹായിക്കുമെന്നും 2024 അവസാനത്തോടെ ദൗത്യം പൂര്‍ത്തിയാക്കുമെന്നുമാണ് പ്രതീക്ഷ.

ഇന്ത്യ-യു.സ് ദൗത്യത്തിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ കരസ്ഥമാക്കാന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. ബഹിരാകാശത്ത് ആളുകളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് ഈ പരിശീലനം ഗുണം ചെയ്യുമെന്നും അദേഹം പറഞ്ഞു.

2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) പരിശീലനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ മോസ്‌കോയിലെ യൂറി ഗഗാറിന്‍ കോസ്മോനട്ട് ട്രെയിനിങ് സെന്ററില്‍ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ പ്രാഥമിക പരിശീലനം നേടിയിരുന്നു.

ബഹിരാകാശത്ത് ആളുകളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2026 ല്‍ നടത്താനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റും പാലക്കാട് സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരെയാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ പൗരനാണ് വ്യോമസേന വിങ് കമാന്‍ഡറായ രാകേഷ് ശര്‍മ. 1984 ഏപ്രില്‍ രണ്ടിന് റഷ്യന്‍ നിര്‍മിത സോയൂസ് ടി-11 പേടകത്തില്‍ ബഹിരാകാശത്ത് എത്തിയ രാകേഷ് ശര്‍മ, സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം ചെലവഴിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.