സംസ്ഥാനത്തെവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാനാവണം; സര്‍ക്കാരിനോട് നിയമസഭാ സമിതി

സംസ്ഥാനത്തെവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാനാവണം; സര്‍ക്കാരിനോട് നിയമസഭാ സമിതി

തിരുവനന്തപുരം: ആധാരം സംസ്ഥാനത്തെവിടെയും രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന് സര്‍ക്കാരിനോട് നിയമസഭാ സമിതി. നിലവില്‍ ജില്ലയ്ക്കകത്ത് ഏത് രജിസ്ട്രാര്‍ ഓഫീസിലും അതിന് സൗകര്യമുണ്ടെങ്കിലും ഫലപ്രദമല്ല. ഇത് മെച്ചപ്പെടുത്തുന്നതിനുപുറമേ, സംസ്ഥാനതലത്തിലും എവിടെയും രജിസ്ട്രേഷനുള്ള സാധ്യത തേടണമെന്നാണ് കെ.കെ ഷൈലജ അധ്യക്ഷയായ എസ്റ്റിമേറ്റ് സമിതി ശുപാര്‍ശ ചെയ്തത്.

വ്യക്തിയോ സ്ഥാപനമോ ഏതൊക്കെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയാന്‍ ഇപ്പോള്‍ ഏകീകൃത സംവിധാനമില്ല. ഇതിനായി 'സവിശേഷ തണ്ടപ്പേരോ' 'സവിശേഷ തിരിച്ചറിയല്‍ നമ്പറോ' ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.

തട്ടിപ്പും വെട്ടിപ്പും തടയാന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നികുതിദായക ശേഷി സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് അറിയാനാവണം. ഇങ്ങനെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഏകീകൃത സോഫ്റ്റ്വേര്‍ വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമാക്കാനാണ് ശുപാര്‍ശ. ആവശ്യമെങ്കില്‍ വിവിധ വകുപ്പുകള്‍ക്ക് വിവര ശേഖരണത്തിനുള്ള സൗകര്യം ഒരുക്കണം.

സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ആധാരം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാവണം. ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഡിജിറ്റലാക്കാനും കക്ഷികള്‍ക്ക് പകര്‍പ്പ് ലഭ്യമാക്കാനും നടപടിയെടുക്കണം. പൊതു അവധി ദിനങ്ങളില്‍ക്കൂടി രജിസ്ട്രേഷന് സാധ്യത തേടണം. ആധാരം സ്വന്തമായി തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇ-സ്റ്റാമ്പിങ് പ്രയോജനപ്പെടുത്തി അതിനുള്ള സഹായം നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.