അധികാരത്തില്‍ കൈ കടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് സുധാകരന്‍; കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് സതീശന്‍

അധികാരത്തില്‍ കൈ കടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് സുധാകരന്‍; കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് സതീശന്‍

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിതല കമ്മറ്റികള്‍ രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ സര്‍ക്കുലര്‍ കെപിസിസി പ്രസിഡന്റ് റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത വീണ്ടും പുറത്തായി.

പാര്‍ട്ടിയുടെ സര്‍ക്കുലര്‍ ഇറക്കേണ്ട കെപിസിസി പ്രസിഡന്റിന്റെ അധികാരത്തില്‍ കൈകടത്തിയ വി.ഡി സതീശനെതിരെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ. സുധാകരന്‍ ഡല്‍ഹയില്‍ പറഞ്ഞു.

കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനം ഉണ്ടായെന്ന കാര്യം സുധാകരന്‍ തള്ളിയില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

'ഒരു ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഐക്യവും, അഭിപ്രായ വ്യത്യാസവും വിമര്‍ശനവും ഒക്കെ ഉണ്ടാകും. അതിനൊന്നും തന്റെ അടുത്ത് നിന്ന് ഉത്തരം കിട്ടില്ല. അതൊക്കെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുക. താന്‍ എല്ലാ ആളുകളോടും സമ ദൂരത്തിലും സമ സ്നേഹത്തിലുമാണ് പോകുന്നത്. സതീശനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല. ഇപ്പോ കണ്ടാല്‍ സതീശനെ കുട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കും'- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

വയനാട് നടന്ന യോഗത്തിലെ വാര്‍ത്ത പുറത്തു വിട്ടത് സതീശനാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.

അതിനിടെ കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് വിട്ടു നിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും അദേഹം പരിപാടിയില്‍ പങ്കെടുത്തില്ല.

വയനാട്ടില്‍ നടന്ന ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്റെ അസാന്നിധ്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കെപിസിസി ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. യോഗത്തിലെ വിമര്‍ശനം പുറത്തായതും വി.ഡി സതീശനെ ചൊടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.