സെന്‍ നദിയില്‍ വിസ്മയം: പാരിസിലേക്ക് മിഴി തുറന്ന് ലോകം; കായിക മാമാങ്കത്തിന് ദീപം തെളിയിച്ച് ടെഡി റൈനറും മേരി ജോസ് പെരക്കും

സെന്‍ നദിയില്‍ വിസ്മയം: പാരിസിലേക്ക് മിഴി തുറന്ന് ലോകം; കായിക മാമാങ്കത്തിന് ദീപം തെളിയിച്ച് ടെഡി റൈനറും മേരി ജോസ് പെരക്കും

പാരിസ്: ലോകം ഉറ്റുനോക്കുന്ന ഒളിമ്പിക്സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങള്‍ തുറന്നു. ഇനി 16 കായിക രാപ്പകലുകള്‍ക്കാണ് ഫ്രാന്‍സിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ നദിയിലാണ് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.


ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ടെഡി റൈനറും, മേരി ജോസ് പെരക്കും ചേര്‍ന്ന് ഒളിമ്പിക്സ് ദീപം തെളിയിച്ച് കായിക മാമാങ്കത്തിന് തുടക്കം കുറിച്ചത്. ടെഡി റൈനര്‍ ഫ്രഞ്ച് ജൂഡോ താരമാണ്. ഒളിമ്പിക്സ് ജൂഡോയില്‍ തുടര്‍ച്ചയായി മൂന്ന് തവണ സ്വര്‍ണം നേടിയിട്ടുണ്ട്. ഫ്രഞ്ച് അത്ലറ്റായ മേരി ജോസ് പെരക്ക് ഫ്രാന്‍സിനായി മൂന്ന് തവണ സ്വര്‍ണമണിഞ്ഞ താരമാണ്. സെറീന വില്യംസ്, റാഫേല്‍ നദാല്‍, കാള്‍ ലൂയിസ്, നദിയ കൊമനേച്ചി, സിദാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളിലൂടെ കൈമാറിയെത്തിയ ദീപശിഖ ടെഡി റൈനറിന്റേയും മേരി ജോസ് പെരെക്കിന്റേയും കൈകളിലും എത്തി. ഇരുവരും ചേര്‍ന്നാണ് ഒളിമ്പിക് ദീപത്തിലേക്കായി തീ പകര്‍ന്നത്.


ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിച്ചത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിംപിക്‌സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചിരുന്നു.

ഭാവിയുടെ കുഞ്ഞു കരങ്ങള്‍ ഏന്തിയ ദീപ ശിഖ സെന്‍ നദിയിലൂടെ ഒഴുകി. തൊട്ടു പിന്നാലെ വിവിധ രാജ്യങ്ങളുടെ താരങ്ങള്‍ ബോട്ടുകളില്‍ നദിയിലൂടെ കടന്നു വന്നു. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകള്‍. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി.


ചരിത്രത്തിലെ ആദ്യ ഒളിംപിക്സ് അരങ്ങേറിയ ഗ്രീസിലെ മണ്ണില്‍ നിന്നു എത്തിയ പിന്‍മുറക്കാരായ താരങ്ങളാണ് ആദ്യം നദിയിലേക്ക് ബോട്ടില്‍ വന്നത്. പിന്നാലെ അഭയാര്‍ഥികളുടെ ഒളിംപിക്സ് പതാകയ്ക്ക് കീഴിലുള്ള ടീമും അഫ്ഗാനിസ്ഥാനും അല്‍ബേനിയയും അള്‍ജീരിയയും നിരനിരയായി നദിയിലേക്ക് ബോട്ടുകളിലെത്തി. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യ 84 -ാംമതായാണ് എത്തിയത്. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്.  പി.വി സിന്ധുവും ശരത് കമലും 78 അംഗ ടീമിനെ നയിച്ചു. 2016 ലും 2020 ലും മെഡൽ നേടിയ സിന്ധു തുടരെ മൂന്നാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ അഞ്ചാം ഒളിംപിക്സാണ് പാരിസിലേത്. 12 വിഭാഗങ്ങളിൽ നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.


കനത്ത മഴയെ അവഗണിച്ചാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേര്‍ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രഡാം പള്ളിയ്ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.