രാസവസ്തുക്കള്‍ പൊടിക്കാന്‍ ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; വീടിനെ'ബോംബ് ഫാക്ടറി'യാക്കി ഭീകരവാദിയായ ഡോ.മുസമ്മില്‍

രാസവസ്തുക്കള്‍ പൊടിക്കാന്‍ ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; വീടിനെ'ബോംബ് ഫാക്ടറി'യാക്കി ഭീകരവാദിയായ ഡോ.മുസമ്മില്‍

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനത്തിന് പിടിയിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട് 'ബോംബ് ഫാക്ടറി' ആക്കി മാറ്റിയിരുന്നതായി റിപ്പോര്‍ട്ട്. വീട്ടിലുണ്ടായിരുന്ന ഫ്‌ളോര്‍ മില്ല് രാസവസ്തുക്കള്‍ പൊടിക്കാനായാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റ് നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഡല്‍ഹി സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും രണ്ട് തോക്കുകളും ടൈമറുകളും വാക്കിടോക്കിയും ഉള്‍പ്പെടെ ജമ്മു കാശ്മീര്‍ പൊലീസ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. വലിയ ഗ്രൈന്‍ഡറോടു കൂടിയ ഫ്‌ളോര്‍ മില്ലാണ് ഈ വീട്ടിനുള്ളിലുണ്ടായിരുന്നത്. രാസവസ്തുക്കള്‍ ബോംബ് നിര്‍മാണത്തിനായി പൊടിച്ചെടുത്തത് ഇവിടെവെച്ചാണ്. ഫരീദാബാദിലെ ടാക്‌സി ഡ്രൈവറുടേതാണ് ഈ വീട്. മാസം 1500 രൂപ വാടകയ്ക്കാണ് ഡോ.മുസമ്മില്‍ ഇത് എടുത്തിരുന്നത്.

ഫരീദാബാദിലെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടറാണ് മുസമ്മില്‍ ഷക്കീല്‍. ഇയാളുടെ കൂട്ടാളിയാണ് ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി. ഇരുവരും ചേര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി സ്‌ഫോടനം ആസൂത്രണം ചെയ്യുന്നുവെന്നാണ് അല്‍ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്തിയ തെളിവുകളില്‍ വ്യക്തമായത്. ഡോ. മുസമ്മിലിന്റെ ഡയറിയില്‍ നിന്ന് പല കോഡുകളും പേരുകളും നമ്പറുകളും ലഭിച്ചിട്ടുണ്ട്.

2530 ആളുകളുടെ പേര് ഡയറികളില്‍ നിന്ന് ലഭിച്ചതായാണ് വിവരം. ഇതില്‍ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കാശ്മീരില്‍ നിന്നുള്ളവരുടേതാണ്. ഫരീദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളുടെ പേരുകളും ഇതില്‍ ഉണ്ട്.

നവംബര്‍ അഞ്ചിന് യുപിയിലെ സഹറന്‍പുരില്‍ നിന്നാണ് ഡോ. അദീല്‍ അഹമ്മദ് എന്നയാളെ ഭീകരബന്ധത്തിന് ജമ്മു കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നാണ് ഫരീദാബാദിലെ ഡോ. മുസമ്മില്‍ ഷക്കീലിന്റെയും ഡോ. ഷഹീന്‍ സയീദിന്റെയും വിവരം ലഭിച്ചത്. തൊട്ടുപിന്നാലെ നവംബര്‍ എട്ടിന് ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റു ചെയ്തു. ഡോ. ഉമര്‍ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മില്‍ ഷക്കീലില്‍ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബര്‍ 10 ന് ഡോ. ഉമര്‍ നബി ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.