ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മുന്‍ധാരണ പ്രകാരം ഇനിയുള്ള രണ്ടര വര്‍ഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യവുമായി ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയിലെത്തിയ ഡി.കെ അനുകൂലികളായ എംഎല്‍എമാര്‍ക്ക് നിരാശ.
മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെ താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ബജറ്റുകള്‍ താന്‍ തന്നെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നേതൃ മാറ്റത്തെക്കുറിച്ച് മാധ്യമങ്ങള്‍ എന്തിനാണ് ആവര്‍ത്തിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട്‌ചോദിച്ച സിദ്ധരാമയ്യ തന്നെ മാറ്റുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. നേതൃത്വത്തെക്കുറിച്ചോ മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചോ ഉള്ള ഏത് തീരുമാനവും ഹൈക്കമാന്‍ഡ് മാത്രമേ എടുക്കൂ എന്നും അദേഹം ആവര്‍ത്തിച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഈ സംഭവ വികാസങ്ങള്‍ക്കിടെ വെള്ളി, ശനി ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗര്‍ എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ പര്യടനം റദ്ദാക്കി സിദ്ധരാമയ്യ പെട്ടെന്ന് ബംഗളൂരുവിലേക്ക് മടങ്ങി.
'രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കാമെന്ന് പറഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം വന്നത്. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ തീരുമാനമെടുക്കണം. ആകെ 34 മന്ത്രി സ്ഥാനങ്ങളുണ്ട്. അതില്‍ രണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ മന്ത്രിസഭാ പുനസംഘടനയുടെ സമയത്ത് നികത്തും'- വ്യാഴാഴ്ച ചാമരാജ് നഗറിലെ പൊതു സമ്മേളനത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഡി.കെ പക്ഷത്തു നിന്നുള്ള ഒരു മന്ത്രി ഉള്‍പ്പെടെ പത്തിലധികം എംഎല്‍എമാരാണ് വ്യാഴാഴ്ച ഡല്‍ഹിക്ക് പോയത്. എംഎല്‍എമാര്‍ പെട്ടെന്ന് ഡല്‍ഹിയിലേക്ക് പോയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.
സിദ്ധരാമയ്യ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കതില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടി അദേഹത്തിന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഡി.കെയുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.