ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഗനായിയും ഷഹീന്‍ സയീദും ഉള്‍പ്പെടെ നാല് പേരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പട്യാല ഹൗസ് കോടതിയാണ് ഇവരെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
സ്ഫോടനത്തിന് മുമ്പ് വൈറ്റ് കോളര്‍ ഭീകര സംഘവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തവരാണ് മുസമ്മില്‍ ഗനായി, അദീല്‍ റാഥര്‍, ഷഹീന്‍ സയീദ്, മതപ്രഭാഷകനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെ എന്നിവര്‍. പട്യാല ഹൗസ് കോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി ഇവരെ ശ്രീനഗറില്‍ വെച്ച് കസ്റ്റഡിയിലെടുത്തതെന്നാണ് എന്‍ഐഎ വക്താവ് വ്യക്തമാക്കിയത്.
നിരപരാധികളെ കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തില്‍ ഇവര്‍ക്കെല്ലാം പ്രധാന പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കി.
മുസമ്മില്‍, അദീല്‍, ഷഹീന്‍ എന്നിവര്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരായിരുന്നു. കാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ് എന്നിവയുള്‍പ്പെട്ട ഒരു വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈറ്റ് കോളര്‍ ഭീകരസംഘമെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് എട്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇത് കണ്ടെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.