നിന്ദ്യം, നീചം... ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി സ്വവര്‍ഗാനുരാഗികള്‍; പ്രതികരിക്കാന്‍ ആഹ്വാനവുമായി ബിഷപ്പുമാര്‍

നിന്ദ്യം, നീചം... ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി സ്വവര്‍ഗാനുരാഗികള്‍; പ്രതികരിക്കാന്‍ ആഹ്വാനവുമായി ബിഷപ്പുമാര്‍

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള സ്വവര്‍ഗാനുരാഗികളുടെ സ്‌കിറ്റ് വിവാദമാകുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിക്കുന്നതാണ് ഒളിമ്പിക്‌സിലെ പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ലോകമെമ്പാടും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നത്.

അമേരിക്കന്‍ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, മാഡിസണിലെ ബിഷപ്പ് ഡൊണാള്‍ഡ് ഹൈയിങ്, 'എക്‌സ്' ഉടമ ഇലോണ്‍ മസ്‌ക്, ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണൗട്ട് തുടങ്ങി രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ സ്‌കിറ്റിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങിനെ വികലമായി ചിത്രീകരിച്ച് 18 പേര്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്നതാണ് സ്‌കിറ്റിലുള്ളത്. ഇതില്‍ വെള്ളിക്കിരീടം ധരിച്ച് അവസാന അത്താഴത്തിലേത് പോലെ ക്രിസ്തുവിന്റെ സ്ഥാനത്തിരുന്ന സ്ത്രീയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

പൂര്‍ണനഗ്നനായ ഒരാള്‍ ശരീരം മുഴുവന്‍ നീല ചായം പൂശി, പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് മേശപ്പുറത്തെ ഒരു പ്ലേറ്റില്‍ ഇരിക്കുന്നു. ഒരു വിഭവത്തെയാണ് ഇത് പ്രതീകാത്മകമായി ചിത്രീകരിക്കുന്നത്. സ്‌കിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും അല്‍പവസ്ത്രധാരികളാണ്.

മനുഷ്യര്‍ തമ്മില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ഹാസ്യത്മകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്താനാണ് സ്‌കിറ്റ് അവതരിപ്പിച്ചതെന്നാണ് സംഘാടകരുടെ വാദമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ലോകം മുഴുവന്‍ ഒന്നിക്കുന്ന ഒളിമ്പിക്‌സ് പോലൊരു വലിയ വേദിയില്‍ ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച സ്‌കിറ്റിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

'അന്ത്യ അത്താഴത്തിനെതിരേയുള്ള കടുത്ത പരിഹാസം' എന്നാണ് സ്‌കിറ്റിനെ അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ഏറ്റവും അറിയപ്പെടുന്ന പുരോഹിതന്മാരില്‍ ഒരാളായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനിറ്റിയെ ശത്രുവായി കാണുന്ന ഉത്തരാധുനിക സമൂഹത്തിന്റെ പ്രതീകമാണ് ഈ മതനിന്ദാ പ്രവൃത്തിയെന്ന് അദ്ദേഹം എക്സിലൂടെ കുറ്റപ്പെടുത്തി.

ഒളിമ്പിക്സ് ക്രിസ്ത്യന്‍ കായികപ്രേമികളെ സ്വാഗതം ചെയ്യുന്നില്ലെന്ന് തെളിയിച്ചതായി ടെക്സാസ് ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ കൈല്‍ ബെക്കര്‍ 'എക്സില്‍' കുറിച്ചു.

ഈ ദൈവദൂഷണത്തിന് പരിഹാരമായി എല്ലാ കത്തോലിക്കരോടും ഉപവസിക്കാനും പ്രാര്‍ത്ഥിക്കാനുമാണ് വിസ്‌കോണ്‍സിനിലെ ബിഷപ്പ് ഡൊണാള്‍ഡ് ഹൈയിങ് ആഹ്വാനം ചെയ്തത്. ദിവ്യബലിയോടും തിരുഹൃദയത്തോടും കന്യകമറിയത്തോടുമുള്ള ഭക്തി പുതുക്കാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

ടെക്സാസിലെ ബ്രൗണ്‍സ്വില്ലെ ബിഷപ്പ് ഡാനിയല്‍ ഫ്‌ളോറസും സ്‌കിറ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തനിക്കുണ്ടായ വികാരത്തെ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ ഒരു വാക്ക് തന്റെ പദാവലിയില്‍ ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു യഹൂദനായിട്ടും യേശുവിനും ക്രിസ്തുമതത്തിനും എതിരായ ഈ ക്രൂരമായ അപമാനം തന്നെ പ്രകോപിപ്പിക്കുന്നു' - ജൂതനായ ഡോ. എലി ഡേവിഡ് പറഞ്ഞു. സാംസ്‌കാരികമായി മരിക്കുന്ന യൂറോപ്പിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക് പ്രതികരിച്ചത് 'ക്രിസ്ത്യാനികളോടുള്ള അങ്ങേയറ്റം അനാദരവ്' എന്നാണ്.

അന്ത്യ അത്താഴത്തെ നിന്ദിക്കുന്ന തരത്തിലുള്ള അവതരണമാണ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ നടന്നതെന്ന് നടിയും എം.പിയുമായ കങ്കണ പറഞ്ഞു. 2024 ഒളിമ്പിക്‌സിനെ ഇതുപോലെയാണ് ഫ്രാന്‍സ് സ്വീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചടങ്ങിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ വിമര്‍ശനമുന്നയിച്ചത്. മൊത്തം ക്രിസ്തുമതത്തെയും പരിഹസിക്കുകയാണെന്നും ഇടതുപക്ഷക്കാര്‍ 2024 ഒളിമ്പിക്‌സിനെ ഹൈജാക്ക് ചെയ്‌തെന്നും കങ്കണ പറഞ്ഞു.

ഇത്തരം അവതരണങ്ങള്‍ പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിന് ചേര്‍ന്നതല്ല എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. മറ്റൊരു സമൂഹത്തെ അനാദരിക്കാതെ നിങ്ങള്‍ക്ക് ആഘോഷിക്കാം എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഒളിമ്പിക്‌സില്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടനത്തിനാണ് പാരീസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 206 രാജ്യങ്ങളില്‍ നിന്നുള്ള 10,500ഓളം അത്‌ലറ്റുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.