മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് കിലോമീറ്ററുകള്‍ അകലെ മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയില്‍. പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങളാണ്. മൂന്ന് വയസുകാരന്റേത് ഉള്‍പ്പെടെ കയ്യും കാലും തലയും വേര്‍പെട്ട നിലയിലുള്ള മൃതദേഹങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചാലിയാര്‍ തീരത്ത് പരിശോധന നടത്തുന്നുണ്ട്.
പോത്തുകല്ല് പഞ്ചായത്തിലാണ് മൃതദേഹങ്ങളേറെയും അടിഞ്ഞത്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടാകുന്നത്.
വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളില്‍ അഞ്ച് മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞതായി ആദിവാസികള്‍ പറഞ്ഞു. എന്നാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് പുറമെ മുണ്ടേരി വനത്തിലും മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.