നിക്കരാഗ്വയില്‍ ഭരണകൂട ഭീകരത തുടരുന്നു; വയോധികനായ വൈദികനെ പൊലീസ് തട്ടിക്കൊണ്ടുപോയി തടവിലാക്കി

നിക്കരാഗ്വയില്‍ ഭരണകൂട ഭീകരത തുടരുന്നു; വയോധികനായ വൈദികനെ പൊലീസ് തട്ടിക്കൊണ്ടുപോയി തടവിലാക്കി

മനാഗ്വേ: നിക്കരാഗ്വയിലെ എസ്റ്റെലി രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായ വൈദികനെ നിക്കരാഗ്വന്‍ പൊലീസ് തട്ടിക്കൊണ്ടുപോയി തടവിലാക്കി. 80 കാരനായ ഫാ. ഫ്രൂട്ടോസ് കോണ്‍സ്റ്റാന്റിനോവാലെ സാല്‍മെറോണിന്‍ എന്ന വൈദികനെയാണ് തടവിലാക്കിയിരിക്കുന്നത്. അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയാണ് എക്‌സിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വൈദികനെ ചോദ്യം ചെയ്ത ശേഷം കത്തോലിക്കാ സഭയുടെ ഒരു പരിശീലന ഭവനത്തില്‍ പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. '80 വയസുള്ള ഫാ. ഫ്രൂട്ടോസ് നിരവധി രോഗങ്ങളുള്ള വ്യക്തിയാണ്. ഇത് തികച്ചും സ്വേച്ഛാധിപത്യപരമായ തട്ടിക്കൊണ്ടുപോകലാണ്' - മാര്‍ത്ത പട്രീഷ്യ മോളിന പറഞ്ഞു.

'ഫാ. ഫ്രൂട്ടോസിനെ സോമോട്ടോയില്‍നിന്ന് മനാഗ്വേയിലേക്കു മാറ്റുന്ന സമയത്ത് ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട്, പൊലീസ് അദ്ദേഹത്തെ ഒരു പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെ അദ്ദേഹം പൊലീസ് നിരീക്ഷണത്തില്‍ തടവില്‍ തുടരുകയാണ്. 80 വയസുള്ള ഫാ. ഫ്രൂട്ടോസ് നിരവധി രോഗങ്ങളുള്ള വ്യക്തിയാണ്. ഇത് തികച്ചും സ്വേച്ഛാധിപത്യപരമായ തട്ടിക്കൊണ്ടുപോകലാണ്' - മാര്‍ത്ത പട്രീഷ്യ മോളിന പറഞ്ഞു.

2023-ല്‍, പരിശുദ്ധ സിംഹാസനമാണ് അദ്ദേഹത്തെ എസ്റ്റെലി രൂപതയുടെ എക്‌സിക്യൂട്ടീവായി നിയമിച്ചത്. 2021 മുതല്‍ എസ്റ്റെലി രൂപതയില്‍ ബിഷപ്പ് ഇല്ലായിരുന്നു. മതഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ ഈ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നെങ്കിലും ഭരണകൂടം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ വര്‍ഷം ജനുവരിയില്‍ റോമിലേക്കു നാടുകടത്തപ്പെട്ടു. ഇപ്പോള്‍ അവിടെ അദ്ദേഹം പ്രവാസത്തിലാണ്.

ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മൊറില്ലോയുടെയും സ്വേച്ഛാധിപത്യഭരണം കത്തോലിക്കാ സഭയ്ക്കെതിരായ പീഡനങ്ങള്‍ കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്. കുറഞ്ഞത് മൂന്നു വൈദികരെങ്കിലും നാടുകടത്തല്‍ ഭീഷണിയിലാണെന്നും നിരവധി വിശ്വാസികള്‍ അധികാരികളുടെ നിരീക്ഷണത്തിലാണെന്നും മോളിന വെളിപ്പെടുത്തുന്നു. 2018 ഏപ്രില്‍ മുതല്‍ കത്തോലിക്കാ സഭയ്ക്കെതിരെ കുറഞ്ഞത് 667 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.