200 ലേറെ പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ദുരന്തത്തില്‍ മരണം 297 ആയി

200 ലേറെ പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ദുരന്തത്തില്‍ മരണം 297 ആയി

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരണസംഖ്യ 297 ആയി. മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടും. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തും.

അതേസമയം കൂടുതല്‍ പേര്‍ അകപ്പെട്ടതായി കരുതുന്ന 15 സ്‌പോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. കൂടുതല്‍ ജെസിബികളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങള്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കും.

ആറു മേഖലകളായി തിരിച്ച് എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുക. റഡാര്‍ സംവിധാനവും ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും. ചെളിയില്‍ പുതഞ്ഞ മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ ആറ് നായകളും തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ സജീവ മനുഷ്യ സാന്നിധ്യം നന്നേ കുറവെന്നാണ് കണ്ടെത്തല്‍. തെര്‍മല്‍ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തല്‍. നിലവില്‍ വയനാട്ടില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇതില്‍ ആകെ 9328 പേരാണുള്ളത്. മേപ്പാടിയില്‍ മാത്രം ഒന്‍പത് ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.