ന്യൂഡല്‍ഹി: ഇസ്മായില്‍ ഹനിയയുടെ വധത്തിന് പിന്നാലെ ഉടലെടുത്ത ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യ. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും എംബസി നിര്‍ദേശം നല്‍കി.
ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശ പ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേല്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.
ഇസ്രായേലില്‍ ഏകദേശം 26,000 ഇന്ത്യന്‍ പൗരന്മാരാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇസ്രായേലിലെ മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കുന്നതിനുള്ള നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വജ്ര വ്യാപാരികള്‍, ഐടി പ്രൊഫഷണലുകള്‍, നിര്‍മ്മാണ, കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഭീകര സംഘടനയായ ഹമാസിനെതിരെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പാലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം കൂടുതല്‍ ഇന്ത്യക്കാരെ ഇസ്രായേല്‍ നിയമിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.