സ്വര്‍ണ പ്രതീക്ഷ അവസാനിച്ചു: സെമിയില്‍ ജര്‍മനിയോട് പൊരുതിത്തോറ്റ് ഇന്ത്യ; ഇനി വെങ്കല പോരാട്ടം

സ്വര്‍ണ പ്രതീക്ഷ അവസാനിച്ചു: സെമിയില്‍ ജര്‍മനിയോട് പൊരുതിത്തോറ്റ് ഇന്ത്യ; ഇനി വെങ്കല പോരാട്ടം

പാരിസ്: സെമിയില്‍ ഒരിക്കല്‍ കൂടി കാലിടറി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ജര്‍മനിയോട് രണ്ടിനോട് മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും നാല് വര്‍ഷം കൂടി നീളും. സ്വര്‍ണ പ്രതീക്ഷ അവസാനിച്ചെങ്കിലും ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം.

സ്വര്‍ണ മെഡലിനായുള്ള പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സാണ് ജര്‍മനിയുടെ എതിരാളികള്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5:30 ന് സ്പെയിനെ നേരിടും. ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരെ മിന്നും പോരാട്ടം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. തുടക്കം ഗംഭീരമായിരുന്നു. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. ഗോള്‍ മടക്കാനുള്ള ജര്‍മന്‍ ശ്രമം ഇന്ത്യന്‍ പ്രതിരോധത്തില്‍ കുടുങ്ങി.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മനി ശക്തമായി തിരിച്ചുവരികയായിരുന്നു. സെക്കന്‍ഡ് ഹാഫ് ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ജര്‍മനി ഗോള്‍ കണ്ടെത്തി. ഗോണ്‍സാലോ പെയില്ലറ്റാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇന്ത്യ ഉണര്‍ന്ന് കളിച്ചെങ്കിലും ഗോളുകള്‍ കണ്ടെത്താനിയില്ല. ക്രിസ്റ്റഫര്‍ റുയിര്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയതോടെ രണ്ടാം ക്വാര്‍ട്ടറില്‍ 2-1 ന് ജര്‍മനി മുന്നിട്ടുനിന്നു.

മൂന്നാം ക്വാര്‍ട്ടറിന്റെ സമനിലപിടിക്കാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു. തുടക്കത്തില്‍ നിരവധി പെനാല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ 36-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ കണ്ടെത്തി. സുഖ്ജീത് സിങാണ് ഗോളടിച്ചത്. അതോടെ മത്സരം സമനിലയിലായി. നാലാം ക്വാര്‍ട്ടറില്‍ വിജയ ഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

ശ്രീജേഷിന്റെ ഉജ്വല സേവുകള്‍ ഇന്ത്യയെ പലവട്ടം തുണച്ചു. എന്നാല്‍ 57-ാം മിനിറ്റില്‍ ഗോണ്‍സാലോ പെയ്ലറ്റിന്റെ രണ്ടാം ഗോളില്‍ ജര്‍മനി മുന്നിലെത്തി. അവസാന നിമിഷം വരെ ഇന്ത്യ പൊരുതിനോക്കിയെങ്കിലും സമനില ഗോള്‍ നേടാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.