തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തിന്റെ തീവ്രത അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ സമഗ്ര പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 195 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഡിഎന്‍എ സാമ്പിള്‍ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. 233 സംസ്‌കാരങ്ങളാണ് നടന്നത്. മേപ്പാടിയില്‍ 14 ക്യാമ്പുകളിലായി 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികള്‍ അടക്കം 1942 പേര്‍ ക്യാമ്പിലുണ്ട്.
ദുരിത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്‌സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയില്‍ ജനകീയ തിരച്ചില്‍ നടക്കും. സുരക്ഷാ ഉദ്യോസ്ഥരുമുണ്ടാകും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന.
ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാദൗത്യത്തിന് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‌ലി പാലം അടക്കം നിര്‍ണായക ഇടപെടലാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ട് കോടിയും ചിരഞ്ജീവിയും മകന്‍ രാംചരനും ചേര്‍ന്ന് ഒരു കോടിയും നല്‍കി. എ.കെ ആന്റണി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ അര ലക്ഷം വീതവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു ലക്ഷവും നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.