'ടെക്സാസിന് ഈ ചെലവുകള്‍ താങ്ങാനാകില്ല'; അനധികൃത കുടിയേറ്റക്കാരുടെ ചികിത്സാ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആശുപത്രികളോട് ഉത്തരവിട്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

'ടെക്സാസിന് ഈ ചെലവുകള്‍ താങ്ങാനാകില്ല'; അനധികൃത കുടിയേറ്റക്കാരുടെ ചികിത്സാ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആശുപത്രികളോട് ഉത്തരവിട്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

ടെക്സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരുടെ ചികിത്സാ സംബന്ധമായ ചെലവുവിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ആശുപത്രികളോട് ഉത്തരവിട്ട് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. നിയമപരമായ രേഖകളില്ലാത്ത രോഗികളുടെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ക്കായി എത്ര തുക വരുമെന്നുള്ളത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആശുപത്രികള്‍ ശേഖരിക്കണമെന്നാണ് ഉത്തരവിലുള്ളത്. എല്ലാ പൊതു ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും ബാധകമായ ഉത്തരവ് നവംബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ആശുപത്രികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം ടെക്‌സസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് കമ്മീഷനില്‍ സമര്‍പ്പിക്കുകയും ത്രൈമാസിക ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയും വേണം.

2026 ജനുവരി ഒന്നു മുതല്‍ ടെക്‌സസ് ഗവര്‍ണര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍, ഹൗസ് സ്പീക്കര്‍ എന്നിവര്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ട് അയയ്ക്കണമെന്നും ഉത്തരവിലുണ്ട്.

അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ചികിത്സാ സംബന്ധമായ ചെലവുകള്‍ ആശുപത്രികള്‍ക്ക് താങ്ങാനാവാത്ത വിധം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വലിയ സമ്മര്‍ദമാണ് നല്‍കുന്നത്.

കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ആരോഗ്യപരിരക്ഷയുടെ ബില്ല് ടെക്സുകാര്‍ വഹിക്കേണ്ട ബാധ്യതയില്ലെന്ന് ഗവര്‍ണര്‍ ആബട്ട് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ബൈഡന്‍-ഹാരിസ് ഭരണകൂടത്തിന്റെ ഉദാരമായ അതിര്‍ത്തി നയങ്ങളുടെ അനന്തരഫലങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദി. അവരുടെ ചെലവേറിയതും അപകടകരവുമായ കുടിയേറ്റ നയങ്ങള്‍ക്കായി ടെക്‌സാസ് ചെലവഴിക്കുന്ന തുക തിരികെ കിട്ടാന്‍ ഞങ്ങള്‍ പോരാടും' - അബോട്ട് പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.