കുടിയേറ്റ വിരുദ്ധ കലാപം; വ്യാജ വാര്‍ത്തകളും തീവ്രവാദ ഉള്ളടക്കവും തിരിച്ചറിയാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണത്തിനൊരുങ്ങി ബ്രിട്ടന്‍

കുടിയേറ്റ വിരുദ്ധ കലാപം; വ്യാജ വാര്‍ത്തകളും തീവ്രവാദ ഉള്ളടക്കവും തിരിച്ചറിയാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണത്തിനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ലണ്ടനില്‍ നടന്ന കുടിയേറ്റവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താനൊരുങ്ങി ബ്രിട്ടന്‍. സമൂഹ മാധ്യമങ്ങളില്‍ കുടിയേറ്റ വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ബ്രിട്ടന്‍ ബോധവത്കരണം നടത്തുന്നത്. ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങളും തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് യു.കെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.

ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. വിമര്‍ശനാത്മക ചിന്ത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്‌കാരങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍, തീവ്ര ചിന്താഗതികള്‍, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, മറ്റു വിദ്വേഷ പ്രചരണങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അടുത്തവര്‍ഷം സെപ്റ്റംബറിലാരംഭിക്കുന്ന അധ്യയനവര്‍ഷം മുതലാകും പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുക.

'പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് തന്നെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുട്ടികളെ ജാഗരൂകരാക്കാനുള്ള മാറ്റമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ കാണുന്നതിനെ മനസിലാക്കാനുള്ള അറിവും വൈദഗ്ധ്യവും കുട്ടികള്‍ക്ക് നല്‍കേണ്ടത് പ്രധാനമാണ്. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തെറ്റായ വിവരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവക്കെതിരെ അവബോധമുള്ളവരാക്കാനുള്ള പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്' - ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.

ജൂലായ് 29-ന് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നൃത്തപരിപാടിക്കിടെ മൂന്നു പെണ്‍കുട്ടികള്‍ കുത്തേറ്റുമരിച്ചിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ കലാപം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.