പാകിസ്ഥാനിലും എംപോക്‌സ് സ്ഥിരീകരിച്ചു; ഇന്ത്യയിലും മുന്‍കരുതല്‍: അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാനിലും എംപോക്‌സ് സ്ഥിരീകരിച്ചു; ഇന്ത്യയിലും മുന്‍കരുതല്‍: അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: പാകിസ്ഥാനിലും എംപോക്‌സ് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ജാഗ്രത കര്‍ശനമാക്കി. അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് പാകിസ്ഥാനില്‍ മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ഇന്ത്യയിലും ജാഗ്രത കര്‍ശനമാക്കിയത്. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.

അതേസമയം രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ ഈ വര്‍ഷം ആദ്യത്തെ എംപോക്‌സ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മൂന്നിന് പാകിസ്ഥാനില്‍ വിമാനമിറങ്ങിയ ഇയാളില്‍ പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.

പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് 13 ന് എംപോക്‌സ് സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്ന് പേര്‍ക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. അതേസമയം പല ലോകരാജ്യങ്ങളിലും എംപോക്‌സ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ചൈനയും കടുത്ത ജാഗ്രതയിലാണ്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്ത് വരുന്ന ആളുകളെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെയും നിരീക്ഷിക്കാനാണ് ചൈനയുടെ തീരുമാനം.

ഇത് സംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച ചൈനയിലെ കസ്റ്റംസ് അധികൃതര്‍ പുറത്തിറക്കിയിരുന്നു. കോവിഡ് 19, എയ്ഡ്‌സ്, സാര്‍സ് പോലുള്ള രോഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന കാറ്റഗറി ബിയിലാണ് ചൈന എംപോക്‌സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംപോക്‌സിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.