വയനാട്ടില്‍ 1200 കോടിയുടെ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍; ദുരിത ബാധിതരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കണമെന്ന് ഹൈക്കോടതി

വയനാട്ടില്‍ 1200 കോടിയുടെ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍; ദുരിത ബാധിതരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കണമെന്ന്  ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വൈകാതെ പൂര്‍ണമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ദുരിത ബാധിതരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സമാനമായ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ഒപ്പം ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. പുനരധിവാസ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം മറ്റു സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തണം.

വയനാട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ പഠിച്ചും വിലയിരുത്തിയും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വെച്ചു.

വയനാട് 1200 കോടി രൂപയുടെ പ്രാഥമിക നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് അന്തിമമല്ല. നാല് പാലങ്ങള്‍, 209 കടകള്‍, 100 മറ്റു കെട്ടിടങ്ങള്‍, രണ്ട് സ്‌കൂളുകള്‍, 1.5 കിലോ മീറ്റര്‍ ഗ്രാമീണ റോഡുകള്‍, 124 കിലോമീറ്റര്‍ വൈദ്യുതി ലൈന്‍, 626 ഹെക്ടര്‍ കൃഷി ഭൂമി എന്നിവ വയനാട്ടില്‍ നഷ്ടപ്പെട്ടിടുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയ പാത അതോറിറ്റി, കേന്ദ്ര ജല കമ്മിഷന്‍, ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

1055 വീടുകള്‍ ഇവിടെ വാസ യോഗ്യമല്ലാതായി. 231 പേര്‍ മരിച്ചിട്ടുണ്ട്, 128 പേരെയാണ് കാണാതായിട്ടുള്ളത്. 178 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. തിരിച്ചറിയാത്ത 53 പേരെ സംസ്‌കരിച്ചു. 202 ശരീര ഭാഗങ്ങളാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ പക്കലുള്ളത്. 91 പേരുടെ ഡിഎന്‍എ ശേഖരിച്ചു. ഏഴെണ്ണം ഫൊറന്‍സിക് പരിശോധനയക്ക് അയച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.