ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര?.. അഭ്യൂഹങ്ങള്‍ക്കിടെ ചംപയ് സോറന്‍ ഡല്‍ഹിയില്‍

  ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര?.. അഭ്യൂഹങ്ങള്‍ക്കിടെ ചംപയ് സോറന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണ കക്ഷിയായ ജെഎംഎമ്മിന് കനത്ത തിരിച്ചടി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം നേതാവുമായ ചംപയ് സോറന്റെ നേതൃത്വത്തില്‍ ഏതാനും എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോറന്‍ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി.

ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ അദേഹം താന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായും പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ചംപയ് സോറന്‍ ചര്‍ച്ച നടത്തിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ചംപയ് സോറനൊപ്പം ചില ജെഎംഎം നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്‍ അറസ്റ്റിലായയതോടെയാണ് ചംപയ് സോറന്‍ മുഖ്യമന്ത്രിയായത്. പിന്നീട് ഹേമന്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചംപയ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇത് ചംപയ് സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.