ഫാ. സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍: പാര്‍ലമെന്റില്‍ ബഹളം; ചാഴികാടനു പിന്തുണയുമായി തൃണമൂലും കോണ്‍ഗ്രസും

 ഫാ. സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍: പാര്‍ലമെന്റില്‍ ബഹളം;  ചാഴികാടനു പിന്തുണയുമായി തൃണമൂലും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയെ മാസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. എണ്‍പത്തിമൂന്ന് വയസുള്ള ഫാ. സ്റ്റാന്‍ സ്വാമി രോഗിയായിട്ടും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതു പൗരാവകാശങ്ങളുടെ ലംഘനമാണെന്ന കേരള കോണ്‍ഗ്രസ്-എം നേതാവ് തോമസ് ചാഴികാടന്റെ ആവശ്യത്തെ ബിജെപി അംഗം നിഷികാന്ത് ദുബൈ എതിര്‍ത്തതാണു ബഹളത്തിനിടയാക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തരമായി ഇടപെട്ട് ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ചാഴികാടന്റെ ആവശ്യത്തിനു പിന്തുണയുമായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയിയും കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും രംഗത്തെത്തി.

ഫാ. സ്റ്റാന്‍ സ്വാമി സാമൂഹ്യപ്രവര്‍ത്തകനാണെന്ന് ചാഴികാടന്‍ പറഞ്ഞതാണു ശരിയെന്നു സൗഗത റോയിയും ഡീന്‍ കുര്യാക്കോസും പറഞ്ഞു. എന്നാല്‍ നക്ലൈറ്റുകള്‍ക്കു സഹായം നല്‍കിയതിനാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തതെന്ന തടസ വാദവുമായി ചാഴികാടന്‍ പ്രസംഗിക്കുന്നതിനിടെ ജാര്‍ഖണ്ടില്‍ നിന്നുള്ള ബിജെപി അംഗം നിഷികാന്ത് ദുബൈ എഴുന്നേറ്റു.

പാര്‍ക്കിസണ്‍സ് രോഗിയും വയോധികനുമായി ക്രൈസ്തവ വൈദികനെ 100 ദിവസത്തിലേറെയായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനം കൂടിയാണ്. 'കൂട്ടിലടച്ച തത്തയും പാടും' എന്നാണ് ജയിലില്‍ 100 ദിവസം തികഞ്ഞപ്പോള്‍ ഫാ. സ്റ്റാന്‍ സ്വാമി എഴുതിയ കത്തിലുള്ളതെന്ന കാര്യം മറക്കരുതെന്നും ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

തെറ്റായ ആരോപണങ്ങളുന്നയിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, വക്കീലന്മാര്‍ തുടങ്ങിയവര്‍ക്കെതിരേയും പ്രതിഷേധിക്കുന്ന കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെതിരേയും യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ പ്രയോഗിച്ചു നിശബ്ദമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.