സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക 'കോ ഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന പേരില്‍; മലയാള സിനിമയിലെ തിളക്കം പുറത്ത് മാത്രം.
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവര്‍ക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.
സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക 'കോ ഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്നാണ്. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റ് രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്ത് പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും നടിമാര്‍ കമ്മിഷനോട് പരാതിപ്പെട്ടു.
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരി മരുന്നും കര്‍ശനമായി വിലക്കണമെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്, വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഹേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു മറ്റ് കമ്മിഷന്‍ അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.