ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗസ്റ്റ് 23 ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വെസ്റ്റ് സെക്രട്ടറി തൻമയ ലാൽ പറഞ്ഞു. ഈ സന്ദർശനം നാഴികക്കലും ചരിത്രപരവുമാണ്. നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം 30 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. ഈ സന്ദർശനം നേതാക്കൾ തമ്മിലുള്ള ഉന്നതതല ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തൻമയ ലാൽ പറഞ്ഞു.
2022ൽ റഷ്യൻ ആക്രമണം തുടങ്ങിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ നേതാവ് യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം നയതന്ത്രത്തിലൂടെയും സംഭാഷങ്ങളിലൂടെയും പരിഹരിക്കാനാകുമെന്ന വ്യക്തവും സ്ഥിരതയുള്ളതുമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് തൻമയ ലാൽ വ്യക്തമാക്കി.
ഇരു കക്ഷികൾക്കും സ്വീകാര്യമായ വ്യവസ്ഥകളിലൂടെ മാത്രമാണ് ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂ. അതിനായി ചർച്ചകൾ വഴി ഒത്തുതീർപ്പുകളിലെത്തണം. ഇന്ത്യ ഈ രാഷ്ട്രങ്ങളുമായി ഇടപഴകുന്നത് തുടരും. റഷ്യയിലെയും യുക്രെയ്നിലെയും നേതാക്കളുമായി മോഡി സംസാരിച്ചിട്ടുണ്ട്. മോഡി റഷ്യ സന്ദർശിക്കുകയും ചെയ്തു. ഈ സങ്കീർണമായ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്നും തൻമയ ലാൽ വ്യക്തമാക്കി.
പോളണ്ട് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുക്രെയ്നിലെത്തുക. ആഗസ്റ്റ് 21ന് പോളണ്ടിലെത്തുന്ന മോഡി അവിടുത്തെ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.