ലണ്ടന്‍: ആംഗ്ലിക്കന്‍ നവോത്ഥാനത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തിന് കത്തോലിക്ക ആചാര പ്രകാരമുള്ള മൃതസംസ്കാരം നടത്താന്‍ ഒരുങ്ങുന്നു. 1994 ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ ഡച്ചസ് കാതറിന്‍ ലൂസി മേരി വോര്‍സ്ലിയുടെ മൃതസംസ്‌കാരമാണ് സെപ്റ്റംബര്‍ 16ന് നടക്കുക.
സെപ്റ്റംബര്‍ നാലിന് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു 92 വയസുള്ള ഡച്ചസിന്റെ അന്ത്യം. ആംഗ്ലിക്കന്‍ വിശ്വാസത്തില്‍ വളര്‍ന്ന ഡച്ചസ് 1961 ല്‍ കെന്റ് ഡ്യൂക്കും ജോര്‍ജ് അഞ്ചാം രാജാവിന്റെ ചെറുമകനുമായ പ്രിന്‍സ് എഡ്വേര്‍ഡ് രാജകുമാരനെ വിവാഹം കഴിച്ചു.
ആംഗ്ലിക്കന്‍ വിശ്വാസം പിന്തുടര്‍ന്നപ്പോഴും വാല്‍സിംഗാമിലുള്ള പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം നിരവധി തവണ സന്ദര്‍ശിച്ച ഡച്ചസ് പതുക്കെ കത്തോലിക്ക വിശ്വാസത്തോട് അടുത്തു. 1994 ജനുവരിയില്‍ കെന്റ് ഡച്ചസ് കത്തോലിക്കാ സഭയില്‍ പ്രവേശിച്ചു.
17-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും പരസ്യമായി കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഡച്ചസ് ഓഫ് കെന്റിന്റെ കത്തോലിക്ക സഭയിലേക്കുള്ള കടന്നു വരവ് ചരിത്രപരമായിരുന്നു. 1685ല്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് മരണക്കിടക്കയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരുന്നെങ്കിലും അദേഹത്തിന് ആംഗ്ലിക്കന്‍ ആചാരപ്രകാരമുള്ള മൃതസംസ്‌കാരമാണ് നടത്തിയത്.
2001ല്‍ ഡച്ചസിന്റെ മകന്‍ നിക്കോളാസ് വിന്‍ഡ്സറും കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. ഡച്ചസിന്റെ മൃതസംസ്‌കാരം സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് (യുകെ സമയം) വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ നടക്കുമെന്ന് രാജകുടുംബത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ദിവ്യബലിയില്‍ പങ്കെടുക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.