' ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരും' ; ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം തള്ളി യൂറോപ്യന്‍ യൂണിയന്‍

' ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരും' ; ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം തള്ളി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയന്റെ വ്യാപാര പങ്കാളികളാണെന്നും അത് തുടരുമെന്നും യൂണിയന്‍ വക്താവ് ഒലോഫ് ഗില്‍ പ്രതികരിച്ചു.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാര്‍ മുന്നോട്ടുകൊണ്ടു പോകാനാണ് യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യം. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ ഉയര്‍ന്ന തീരുവ ചുമത്തുവാനുള്ള ആവശ്യം ട്രംപ് ജി-7 രാഷ്ട്രങ്ങളോട് ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ട്രംപിന്റെ നീക്കം പാളിയത് ഇന്ത്യയ്ക്ക് വന്‍ നേട്ടവുമായി.

മോഡി നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി വ്യാപാരക്കരാര്‍ വൈകാതെ സാധ്യമായേക്കുമെന്നും പറഞ്ഞ ട്രംപ്, മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ തീരുവ യുദ്ധം കടുപ്പിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നത്. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ പ്രഖ്യാപിച്ച തന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് ഇതിനിടെ ഒരു യു.എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് സമ്മതിച്ചിരുന്നു.

ഇന്ത്യ റഷ്യന്‍ എണ്ണയുടെ വലിയ കസ്റ്റമറാണ്. അതുകൊണ്ടാണ് താന്‍ തീരുവ പ്രഖ്യാപിച്ചത്. അതത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ താനത് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ മോശമാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം യൂറോപ്പിന്റെ പ്രശ്‌നമാണ്. യു.എസിനേക്കാള്‍ പ്രശ്‌നം യൂറോപ്പിനാണെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്നും എണ്ണ വന്‍ തോതില്‍ വാങ്ങി യുദ്ധത്തിനുള്ള ഫണ്ട് ചെയ്യുന്നത് ഇന്ത്യയാണെന്നാണ് യു.എസ് ആരോപണം.

അതേസമയം ട്രംപും അദേഹത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം തുടരുമ്പോഴും റഷ്യന്‍ എണ്ണ വന്‍ തോതില്‍ വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ. ഓഗസ്റ്റിലും 310 കോടി ഡോളറിന്റെ റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നടത്തി. ഇതോടെ ഇറക്കുമതിയില്‍ ചൈനയുടെ തൊട്ടടുത്ത് എത്താനും കഴിഞ്ഞു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവായ ചൈന കഴിഞ്ഞ മാസം ചെലവിട്ടത് 330 കോടി ഡോളറാണ്.

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ജൂലൈയിലെ 290 കോടി ഡോളറിനെ അപേക്ഷിച്ച് കൂടിയെന്നതും ശ്രദ്ധേയമാണ്. ചൈനയുടെ ഇറക്കുമതി 440 കോടി ഡോളറില്‍ നിന്ന് കുറയുകയായിരുന്നു. സൗദി അറേബ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ കിട്ടിത്തുടങ്ങിയതാണ് ചൈന റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ കാരണം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.