ഡല്‍ഹി സ്ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി; സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസുകള്‍ ഇഡി അന്വേഷണത്തില്‍

ഡല്‍ഹി സ്ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി; സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസുകള്‍ ഇഡി അന്വേഷണത്തില്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഹരിയാനയിലെ ഹരീദാബാദില്‍ സ്ഥിതി ചെയ്യുന്ന ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി.

ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിരിക്കുകയാണ് എഐയു. കൂടാതെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നാക് അക്രഡിറ്റേഷന്‍ വ്യാജമായി അവകാശപ്പെട്ടെന്ന കണ്ടെത്തിലാണ് നോട്ടീസ്.

സര്‍വകലാശാലയ്ക്ക് നാക് അംഗീകാരം ലഭിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി (നാക് എ ഗ്രേഡ്), അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (നാക് എ ഗ്രേഡ്) എന്നിങ്ങനാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അല്‍ ഫലാഹ് സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നതായാണ് വിവരം.

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷാഹിന്‍, ഡോ. മുജമ്മില്‍ ഗനായ്, ഡോ. ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യദ് തുടങ്ങിയവര്‍ക്ക് സര്‍വകലാശാലയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സ്ഫോടനത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന ഡോ. ഉമ്മര്‍ നബിക്കും നേരത്തെ സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ അറസ്റ്റിലായ ഡോക്ടര്‍മാരെ തള്ളിപ്പറഞ്ഞ് സര്‍വകലാശാല രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഭൂപീന്ദര്‍ കൗര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.