ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി രേഖാഗുപ്ത വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്സില്‍ കുറിച്ചു.
ദുരിതബാധിതരായ ഓരോ കുടുംബത്തോടും ഒപ്പം ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. പരിക്കേറ്റ എല്ലാവര്‍ക്കും സാധ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയുടെ സമാധാനത്തിനും സുരക്ഷയ്ക്കുമാണ് പ്രധാന മുന്‍ഗണന. ഭരണകൂടം പൂര്‍ണമായ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുവെന്നും രേഖാ ഗുപ്ത പറഞ്ഞു. രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസ് അന്വേഷിക്കുന്നത് എന്‍ഐഎ ആണ്. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. 13 പേരാണ് സ്ഫോടനത്തില്‍ മരിച്ചത്. ഇവരില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞു. 20 ലേറെ പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.
നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗഅട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലേക്കുള്ള യാത്രകള്‍ തല്‍കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്മെന്റ് ഓഫിസും അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശിക്ഷ നല്‍കുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭൂട്ടാനില്‍ പറഞ്ഞു. മാത്രമല്ല സ്ഫോടനത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്കും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്കുമൊപ്പം രാജ്യം മുഴുവനും ഉണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.