ഡല്‍ഹി സ്ഫോടനം: അറസ്റ്റിലായ ഡോ. അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധം

ഡല്‍ഹി സ്ഫോടനം: അറസ്റ്റിലായ ഡോ. അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധം

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമെന്ന് റിപ്പോര്‍ട്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കാശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്.

മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ പതിനഞ്ച് പേരില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ഡോ. അദീല്‍ റാത്തല്‍. അല്‍ഫല സര്‍വകലാശാലയിലെ തന്നെ ഡോക്ടര്‍മാരായ മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത്.

ഇവര്‍ക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ ആറ് പേര്‍ ജമ്മു കാശ്മീര്‍ സ്വദേശികളാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിര്‍, മക്സൂദ്, ഇര്‍ഫാന്‍, സമീര്‍ എന്നിവരാണ് ജമ്മു കാശ്മീര്‍ സ്വദേശികള്‍. അദീലിന് പുറമേ ഒരു ഉത്തര്‍പ്രദേശ് സ്വദേശി കൂടി അറസ്റ്റിലായിട്ടുണ്ട്. ലക്നൗ സ്വദേശിയായ ഡോ. പെര്‍വസ് ആണ് അറസ്റ്റിലായത്.

അതേസമയം അല്‍ഫലാ സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫൊറന്‍സിക് ഓഡിറ്റ് നടത്താനും നീക്കമുണ്ട്. അല്‍ഫലാ സര്‍വകലാശാലയില്‍ ബോംബ് സ്‌ക്വാഡ് എത്തി പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധിച്ചു. ഡോക്ടര്‍ സംഘത്തിന്റെ മൂന്നാമത്തെ കാറും കണ്ടെടുത്തു. അല്‍ഫല സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് മൂന്നാമത്തെ കാര്‍ കണ്ടെത്തിയത്. സ്ഫോടനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു.

ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.