അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ജയ്‌ഷെ മുഹമ്മദുമായി ബന്ധം; വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ചുമതല

അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ജയ്‌ഷെ മുഹമ്മദുമായി ബന്ധം; വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ചുമതല

ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗ സ്വദേശിയായ വനിത ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജയ്‌ഷെമുഹമ്മദുമായി ബന്ധമെന്ന് പൊലീസ്.

ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാനും അതിനായി റിക്രൂട്ട്മെന്റ് നടത്താനും ഭീകരര്‍ ഇവരെ ചുമതലപ്പെടുത്തിയിരുന്നതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ലഖ്നൗവിലെ ലാല്‍ ബാഗ് സ്വദേശിനിയാണ് ഷഹീന്‍.

ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ പാകിസ്ഥാനില്‍ നയിക്കുന്ന 'ജമാഅത്ത് ഉല്‍-മോമിനാത്ത്' എന്ന ജെഇഎം വനിതാ വിഭാഗത്തിന്റെ ഇന്ത്യയിലെ ചുമതലക്കാരിയായിരുന്നു ഡോ. ഷഹീന്‍ ഷാഹിദെന്നാണ് വിവരം.

സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി മെയ് ഏഴിന് നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.

ജയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് തുടങ്ങി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഭീകര സംഘടനകളുമായി ഷഹീന്‍ ഷാഹിദ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഫരീദാബാദിലെ ജെയ്ഷെയുടെ ശൃംഖല തകര്‍ത്തതിന് പിന്നാലെയാണ് ഷഹീന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറില്‍ നിന്ന് ഒരു അസോള്‍ട്ട് റൈഫിളും കണ്ടെടുത്തു. ഷഹീന്‍ അല്‍-ഫലാഹ് സര്‍വകലാശാലയുടെ ഭാഗമാണെന്നും കാശ്മീരി ഡോക്ടറായ മുസമ്മില്‍ ഗനായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഫരീദാബാദിലെ വാടക മുറികളില്‍ നിന്ന് 2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് മുസൈബ് എന്നറിയപ്പെടുന്ന മുസമ്മിലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ പുല്‍വാമയിലുള്ള കോയില്‍ സ്വദേശിയായ മുസമ്മില്‍ ഡല്‍ഹിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ധൗജിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.