ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ചഡല്‍ഹിയിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ഡേക, ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച, എന്‍ഐഎ ഡി.ജി സദാനന്ദ് വസന്ത് ദാത്തെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാതും വെര്‍ച്വലായി യോഗത്തില്‍ സംബന്ധിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലില്‍ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. ഹരിയാന-ജമ്മു കാശ്മീര്‍ പോലീസ് ഫരീദാബാദില്‍ നിന്ന് സ്ഫോടക വസ്തുക്കളുമായി ചിലരെ പിടികൂടിയ സംഭവവും ചെങ്കോട്ട സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഫരീദാബാദില്‍നിന്ന് പിടികൂടിയവരുടെ പങ്കാളിയായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി നടത്തിയ ചാവേര്‍ സ്ഫോടനമാണ് ചെങ്കോട്ടയിലേതെന്നാണ് വിവരം.
തിങ്കളാഴ്ച വൈകുന്നേരം 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ എല്‍എന്‍ജെപി ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.