കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിലും താലിബാന്‍ ഭരണകൂടം ബുര്‍ഖ നിര്‍ബന്ധമാക്കി. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകളായ രോഗികള്‍, കെയര്‍ടേക്കര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ബുര്‍ഖ ധരിക്കണമെന്നാണ് ഉത്തരവ്. ആരോഗ്യ മേഖലയിലെ ചാരിറ്റി പ്രസ്ഥാനമായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (എംഎസ്എഫ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടിയന്തര ചികിത്സ ആവശ്യമുള്ള സ്ത്രീകളെ പോലും ബുര്‍ഖ ധരിക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും നിയമം നടപ്പിലാക്കിയതിന് ശേഷം അടിയന്തര ചികിത്സകള്‍ 28 ശതമാനം കുറഞ്ഞതായും എംഎസ്എഫ് വ്യക്തമാക്കി. ചില ആശുപത്രികളുടെ കവാടത്തില്‍ താലിബാന്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും എംഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ കൂടുതല്‍ തടസപ്പെടുത്തുകയും സ്ത്രീകള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സംഘടനയുടെ അഫ്ഗാനിസ്ഥാനിലെ പ്രോഗ്രാം മാനേജര്‍ സാറാ ചാറ്റോ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ പോലും ഇത് ബാധിച്ചിട്ടുണ്ടെന്ന് അവര്‍ വാദിക്കുന്നു.
അതേസമയം താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് എംഎസ്എഫിന്റെ പ്രസ്താവന നിഷേധിച്ച് രംഗത്തെത്തി. ആശുപത്രിയില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് താലിബാന്റെ അവകാശ വാദം. അഫ്ഗാനിസ്ഥാനിലെ ചില മേഖലകളില്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഉളള്ളതെന്നും എല്ലായിടത്തും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് താലിബാന്റെ നിലപാട്. അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്നും താലിബാന്‍ പറയുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം ആരംഭിച്ചത് മുതല്‍ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. താലിബാന്‍ സ്ത്രീകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പോലും രംഗത്തെത്തിയിരുന്നു. എന്നിട്ടും കടുത്ത നിലപാടുകളില്‍ നിന്നും ഒരുതരത്തിലുള്ള മാറ്റവും വരുത്താന്‍ താലിബാന്‍ തയ്യാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.