സീറോ മലബാര്‍ സഭയുടെ കരുത്തും മഹത്വവും തിരിച്ചറിയണം: ബസേലിയോസ് മാര്‍ ക്ലീമിസ്; സഭാ അസംബ്ലിക്ക് ഉജ്ജ്വല സമാപനം

സീറോ മലബാര്‍ സഭയുടെ കരുത്തും മഹത്വവും  തിരിച്ചറിയണം: ബസേലിയോസ് മാര്‍ ക്ലീമിസ്; സഭാ അസംബ്ലിക്ക് ഉജ്ജ്വല സമാപനം

പാല: സംഘ ശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാ തനയര്‍ക്ക് ആവേശം സമ്മാനിച്ചും സീറോ മലബാര്‍ സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേര്‍ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചര്‍ച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു.

സീറോ മലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍ മേഖലയിലേക്ക് പ്രേഷിത പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പറഞ്ഞു.

സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. സഹോദര സഭകളേയും ചേര്‍ത്തു പിടിച്ച് ഒന്നിച്ച് മുന്നേറുന്ന ശൈലിയാണ് സീറോ മലബാര്‍ സഭയുടേതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളര്‍പ്പിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സഭാ വക്താവ് അഡ്വ. അജി ജോസഫ് കോയിക്കല്‍ അസംബ്ലിയുടെ സമാപന പ്രസ്താവന സമ്മേളനത്തില്‍ വായിച്ചു.

അസംബ്ലി കമ്മറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങല്‍, പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ.ജോസഫ് തടത്തില്‍, എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ പി.ജെ ജോസഫ്, മാണി സി. കാപ്പന്‍, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, റോജി എം. ജോണ്‍, ആന്റണി ജോണ്‍, സജീവ് ജോസഫ്, സനീഷ്‌കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, മുന്‍ എംഎല്‍എ പി.സി ജോര്‍ജ്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ആരാധനാ സമര്‍പ്പിത സമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി എസ്എബിഎസ്, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, എസ്എംആര്‍സി പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, യുവജന പ്രതിനിധി ഷെറില്‍ ജോസ് സാവിയോ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സിനഡ് സെക്രട്ടറിയും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി, വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് വചന സന്ദേശം നല്‍കി.

പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവര്‍ത്തകര്‍ക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.