'ഗാര്‍ഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ; മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം': 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്

'ഗാര്‍ഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ; മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം': 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്

കൊച്ചി: നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയന്‍, കെ.ആര്‍ മീര, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി.പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത തമ്പി, ഡോ. എ.കെ ജയശ്രി, കെ.എ ബീന തുടങ്ങി 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം:

കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന.

സിനിമാ നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം.

സിനിമാ മേഖലയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.