വിശുദ്ധ അമ്മ ത്രേസ്യായുടെ ഭൗതിക ശരീരം വീണ്ടും തുറന്നു; അഞ്ച് നൂറ്റാണ്ടിനപ്പുറവും അഴുകാത്ത നിലയിൽ

വിശുദ്ധ അമ്മ ത്രേസ്യായുടെ ഭൗതിക ശരീരം വീണ്ടും തുറന്നു; അഞ്ച് നൂറ്റാണ്ടിനപ്പുറവും അഴുകാത്ത നിലയിൽ

മാഡ്രിഡ്: ആഗോള സഭയിൽ ആത്മീയ നവീകരണത്തിന്റെ ദീപം തെളിയിച്ച ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ ഭൗതിക ശരീരം അഞ്ച് നൂറ്റാണ്ടിനപ്പുറവും അഴുകാതെ ഇന്നും തുടരുന്നു. ആൽബ ഡി ടോർമെസിലെ കാർമലൈറ്റ് മൊണാസ്ട്രിയിൽ അടക്കം ചെയ്ത വിശുദ്ധയുടെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം തുറന്നു.

'ഇന്ന് വി. അമ്മത്രേസ്യായുടെ ശവകുടീരം തുറക്കപ്പെട്ടു. 1914 ൽ അവസാനമായി തുറന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിൽ തന്നെ വിശുദ്ധയുടെ ശരീരം ഇന്നും തുടരുന്നു'- ഡിസ്കാൽഡ് കർമ്മലീത്താ ഓർഡറിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചിസ വെളിപ്പെടുത്തി.

സ്തോത്രഗീതം പാടിക്കൊണ്ട് ജനറൽ പോസ്റ്റുലേറ്റർ ഓഫ് ദി ഓർഡറും സഭാ ട്രിബ്യൂണലിലെ അംഗങ്ങളും കുറച്ച് കർമ്മലീത്താ സന്യാസിനികളും ചേർന്ന് തിരുശേഷിപ്പുകൾ പഠനത്തിനായി നിശ്ചയിച്ച സ്ഥലത്തേക്ക് നീക്കിയെന്ന് ആൽബ ഡി ടോർമെസിന്റെയും സലാമങ്കയുടെയും കാർമലൈറ്റ് പ്രയോർ, ഫാ. മിഗ്വൽ ഏഞ്ചൽ ഗോൺസാലസ് എന്നിവർ വിശദീകരിച്ചു. വത്തിക്കാനിൽ നിന്ന് ആവിലായിലെ വി. തെരേസയുടെ ഭൗതികാവശിഷ്ടങ്ങൾ കാനോനികമായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നതെന്ന് രൂപത വിശദീകരിച്ചു.

സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ശരീരം, ഹൃദയം, ഒരു കൈ, ഒരു കൈപ്പത്തി എന്നിവയുടെമേലുള്ള പഠനത്തിനും ഗവേഷണത്തിനുമായി ആൽബ ഡി ടോർമെസിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ആഗസ്റ്റ് 28 മുതൽ ആഗസ്റ്റ് 31 വരെയാണ് നടക്കുന്നത്. പഠനങ്ങൾക്കായി വി. അമ്മ ത്രേസ്യയുടെ കല്ലറയുടെ മാർബിൾ സ്ലാബ് ആദ്യം നീക്കം ചെയ്തതായും തുടർന്ന് പഠനത്തിനായി നീക്കിവച്ച മുറിയിൽ വച്ച് മെഡിക്കൽ സംഘത്തിന്റെയും സഭാ കോടതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ മാത്രമാണ് വെള്ളിക്കല്ലറ തുറന്നതെന്നും രൂപതാധികൃതർ വ്യക്തമാക്കി.

സ്വർണപണിക്കാരായ ഇഗ്നാസിയോ മൻസാനോ മാർട്ടിൻ, കോൺസ്റ്റാന്റിനോ മാർട്ടിൻ ജെയ്ൻ എന്നിവരുടെ സഹായത്തോടെയാണ് വെള്ളി ശവകുടീരം തുറന്നത്. ഫെർഡിനാൻഡ് ആറാമൻ രാജാവും പോർച്ചുഗലിലെ ഭാര്യ ബാർബറയും നൽകിയ സമ്മാനമായിരുന്നു വെള്ളി പേടകം. ശരീരത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്നവർ പള്ളിയിലെ ഭൗതികാവശിഷ്ടങ്ങൾക്ക് മുന്നിൽ പ്രാർത്ഥിക്കുകയും തുടർന്ന് പ്രാഥമിക ദൃശ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ

സ്പെയിനിലെ ആവിലായിൽ ഡോൺ ആലോൻസോ സാഞ്ചസിന്റെയും ഡോണ ബിയാട്രിസ് ഡവീലയുടെയും മകളായി 1515 ൽ തെരേസ ജനിച്ചു. ബാല്യത്തിൽ ആത്മീയ കാര്യങ്ങളിൽ തെരേസ അതീവ താൽപ്പര്യത്തോടെ പങ്കെടുത്തെങ്കിലും തന്റെ പന്ത്രണ്ടാമത്തെ വയസിൽ അമ്മയുടെ മരണശേഷം ലൗകിക ജീവിതത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ അവൾ പോയി.

ഉഴപ്പി നടന്ന മകളെ നേരെയാക്കുന്നതിനു വേണ്ടി പിതാവ് അവളെ ഒരു കോൺവെന്റിൽ നിർത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ അഗസ്തീനിയൻ കന്യാസ്ത്രീകളാണ് അവളെ വളർത്തിയത്. തെരേസയുടെ പിതാവിന്റെ ആ തീരുമാനം സ്വർഗസ്ഥനായ പിതാവിന്റേത് കൂടിയായിരുന്നുവെന്ന് പിൻകാല അനുഭവങ്ങൾ തെളിയിച്ചു.

സന്യസ്ത ജീവിതം നയിക്കാൻ ആഗ്രഹിച്ച ത്രേസ്യ 1553 ൽ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും ആധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. മലേറിയ ബാധിച്ച ത്രേസ്യാ ഏകദേശം മൂന്ന് വർഷത്തോളം ശരീരം തളർന്ന് കിടക്കയിൽതന്നെ കഴിച്ചുകൂട്ടി. നാൽപ്പത്തൊന്നാമത്തെ വയസിൽ പ്രാർഥനാ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള ആത്മീയ ഉപദേശം ഒരു വൈദികൻ അവൾക്ക് നൽകി.

പ്രാർഥനാ ജീവിതത്തിൽ ആഴപ്പെടാൻ തുടങ്ങിയപ്പോൾ തന്നിൽനിന്നും വലിയ കാര്യങ്ങൾ ദൈവം ആഗ്രഹിക്കുന്നു എന്ന് ത്രേസ്യ മനസിലാക്കി. അങ്ങനെയാണ് കർമ്മലീത്ത സഭയുടെ സന്യാസ ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് അവൾ തുടക്കമിടുന്നത്. അതൊട്ടും എളുപ്പമായിരുന്നില്ല. ത്രേസ്യയുടെ നീക്കങ്ങൾ അനുസരണക്കേടായും പൈശാചിക പ്രവർത്ഥങ്ങളായും സഭാവിരുദ്ധ നടപടികളായും ഒക്കെ അധികാരികൾ വ്യാഖ്യാനിച്ചു.

ദൈവിക പ്രചോദനത്താൽ പീയൂസ് നാലാമൻ മാർപാപ്പയുടെ അനുവാദത്തോടെ അവൾ കർമ്മലീത്ത സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഏതാണ്ട് 32 ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

കർമ്മലീത്ത സഭയുടെ നല്ല തുടക്കം അമ്മ ത്രേസ്യയുടെ ഈ നവീകരണ പ്രവർത്തങ്ങളിലൂടെയാണ്. യൂറോപ്പിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഇതര മതസ്ഥരുൾപ്പെടെ അമ്മ ത്രേസ്യയുടെ പുസ്തകങ്ങൾ വായിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പ്രാർഥനയെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചുമുള്ള വിശുദ്ധ തെരേസയുടെ പഠനങ്ങൾ സന്യസ്തർക്ക് മാത്രമല്ല ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും വിലപ്പെട്ടതാണ്.

ജീവിതാവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമ പൂർണമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ നാലിന് ''ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്'' എന്ന് ഉച്ചരിച്ചു കൊണ്ട് അവൾ സ്വർഗീയ പിതാവിങ്കലേക്ക് മടങ്ങി.

സ്‌പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് വിശുദ്ധയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622 ലാണ് തെരേസയെ വിശുദ്ധ പദവിയിലേക്കുയർത്തിയത്.

ആവിലായിലെ തെരേസയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. വിശുദ്ധ തെരേസയുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഢതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോൻസസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മ ദർശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. ജീവിതം കൊണ്ടും പ്രബോധനങ്ങൾ കൊണ്ടും വിശുദ്ധിയുടെ പടവുകൾ താണ്ടിയ ആളാണ് ആവിലായിലെ വിശുദ്ധ തെരേസ. 1970 ൽ വിശുദ്ധ കത്രീനയ്‌ക്കൊപ്പം വിശുദ്ധ തെരേസയും കത്തോലിക്കാ സഭയിലെ വേദപാരംഗതയായി ഉയർത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.