ഐസിസിയുടെ കണ്ണുരുട്ടില്‍ ബഹിഷ്‌കരണ നാടകം അവസാനിച്ചു; ഒടുവില്‍ യുഎഇയെ കീഴടക്കി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

ഐസിസിയുടെ കണ്ണുരുട്ടില്‍ ബഹിഷ്‌കരണ നാടകം അവസാനിച്ചു; ഒടുവില്‍ യുഎഇയെ കീഴടക്കി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

ദുബായ്: മത്സര ബഹിഷ്‌കരണ നാടകത്തിനിടെ ഐസിസിയുടെ താക്കീതിന് വഴങ്ങി കളിക്കാനിറങ്ങി പാകിസ്ഥാന്‍. ടീം യുഎഇയെ കീഴടക്കി ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോറില്‍ കടന്നു. 41 റണ്‍സിനായിരുന്നു പാക് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ യുഎഇ സൂപ്പര്‍ ഫോറിലെത്താതെ പുറത്തായി.

ഭേദപ്പെട്ട തുടക്കം ലഭിച്ചതിനു ശേഷം യുഎഇ തകരുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. ധ്രുവ് പരാഷര്‍ 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ രാഹുല്‍ - ധ്രുവ് സഖ്യം ക്രീസില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ യുഎഇക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫു (12), ക്യാപ്റ്റന്‍ മുഹമ്മദ് വസീം (14) എന്നിവരാണ് പിന്നീട് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്.

നേരത്തേ യുഎഇക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് സിദ്ധിഖും നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിമ്രന്‍ജീത്ത് സിങ്ങും ചേര്‍ന്നാണ് പാകിസ്ഥാനെ 146 ല്‍ ഒതുക്കിയത്. 36 പന്തില്‍ നിന്ന് മൂന്നു സിക്‌സും രണ്ട് ഫോറുമടക്കം 50 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷഹീന്‍ അഫ്രീദിയുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 14 പന്തുകള്‍ നേരിട്ട അഫ്രീദി രണ്ട് സിക്‌സും മൂന്നു ഫോറുമടക്കം 29 റണ്‍സോടെ പുറത്താകാതെ നിന്നു. 27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മുഹമ്മദ് ഹാരിസുമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

നേരത്തേ പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയത് കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. യുഎഇയ്ക്കായിരുന്നു ടോസ്. പുല്ലുള്ള പിച്ചില്‍ അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തെ തുടര്‍ന്ന് മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അമ്പയര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക് ടീം ബഹിഷ്‌കര ഭീഷണി മുഴക്കിയത്. ഒടുവില്‍ അവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഭീഷണിക്ക് വഴങ്ങേണ്ടിവരികയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പോയാല്‍ 16 മില്യണ്‍ യു.എസ് ഡോളര്‍ നഷ്ടപ്പെടുമെന്നതിനാലാണ് പാക് താരങ്ങള്‍ ഭീഷണി മറന്ന് കളത്തിലിറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.