ന്യൂഡല്‍ഹി: ഗുസ്തി റാംപിലെ മിന്നും താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇരുവരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പുറത്തു വിട്ടു. വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബജ്‌റംഗ് പുനിയ ബാഡ്‌ലി സീറ്റില്‍ നിന്ന് ജനവിധി തേടിയേക്കും.
വിനേഷ് ഫോഗട്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒളിമ്പിക്സിന് ശേഷം പാരീസില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവും എംപിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നല്‍കിയത്.
തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ 34 സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കിയിരുന്നു. കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ സാധ്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടേയും പാര്‍ട്ടി പ്രവേശം.
ഒക്ടോബര്‍ അഞ്ചിന് ഒറ്റ ഘട്ടമായാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപിയുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റുകയായിരുന്നു. ബിഷ്‌ണോയ് വിശ്വാസ സമൂഹത്തിന്റെ ഉത്സവകാലം പരിഗണിച്ചാണ് തിയതി മാറ്റിയതെന്ന് കമ്മീഷന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.