ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രണ്ട് താരങ്ങളും കോണ്‍ഗ്രസ് അംഗത്വം നേടിയത്.

ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ച ശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമമായ എക്സിലൂടെ താരം തന്നെയാണ് രാജി വിവരം അറിയിച്ചത്. കോണ്‍ഗ്രസില്‍ ചേരാനാണ് രാജിയെന്ന് അപ്പോള്‍ മുതല്‍ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ഇരു താരങ്ങളും ഡല്‍ഹിയിലെ 10 രാജാജി മാര്‍ഗിലെ വസതിയിലെത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും കണ്ടിരുന്നു. ഇതിന് ശേഷമാണ് എഐസിസി ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് അംഗത്വം സ്വീകരിച്ച ശേഷം വിനേഷ് ഫോഗട്ട് പറഞ്ഞു. 'ഗുസ്തിയിലെ യാത്രയില്‍ പിന്തുണച്ചതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും നന്ദി പറയുകയാണ്.

ഞങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങളുടെ കണ്ണീരും വേദനയും അവര്‍ക്ക് മനസിലായി.

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ തനിക്ക് ഏറെ അഭിമാനം തോന്നുന്നു. തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ പോരാടാന്‍ ഈ പാര്‍ട്ടി തയ്യാറാണന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.