ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസില്‍ അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ നടനും കേസിലെ പ്രതിയുമായ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും സുപ്രീം കോടതിയില്‍ കേരളം ആരോപിച്ചു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസവും അതിജീവിതയെ ഏഴ് ദിവസവും ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. സുനില്‍ എസ്.പിയെ 21 ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.