ബേൺ: സ്വിറ്റസർലൻഡ് എഗ്ഗ് സെയിന്റ് ആന്റണിസ് ദേവാലയത്തിലെ സൺഡേ സ്കൂളിലെ 2024 -25 അധ്യയന വർഷം സെപ്‌റ്റംബർ ഒന്നാം തീയതി ഞായാറാഴ്ച പ്രവേശനോത്സവത്തോടെ ആരംഭിച്ചു. മൂന്ന് മണിക്ക് സിറോ മലബാർ സഭയുടെ സ്വിറ്റസർലണ്ടിലെ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ തയ്യിലിന്റെ പ്രാർത്ഥനയോടെ പ്രവേശനോത്സവം ആരംഭിച്ചു. സൺഡേ സ്കൂൾ അധ്യാപകനായ ജോസ് ഇടശേരി എല്ലാവർക്കും സ്വാഗതം പറഞ്ഞു.
തുടർന്ന് ഫാ. സെബാസ്റ്റ്യൻ തയ്യിൽ, സിസ്റ്റർ റെജീന, പാരിഷ് കമ്മിറ്റി പ്രതിനിധി സെബാസ്റ്റ്യൻ പാറക്കൽ, പിടിഎ പ്രതിനിധി ലാൻസി ജോസഫ്, കുട്ടികളുടെ പ്രതിനിധി ഫെലിൻ വാളിപ്ലാക്കൽ, മതബോധാനാധ്യാപകർ എന്നിവരും, നിലവിളക്കു കൊളുത്തി പുതിയ അധ്യയനവർഷം ഔദ്യോഗികമായി ആരംഭിച്ചു. ചിൽഡ്രൻസ് കൊയർ പ്രാർത്ഥനാഗാനം ആലപിക്കുകയും ഫാ. തയ്യിൽ മതബോധനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ അധ്യയന വർഷം കുട്ടികൾ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ അവരുടെ സംഭാവനകൾ സമാഹരിച്ച ചാരിറ്റി ടിന്നുകൾ അധ്യാപകർ സ്വീകരിച്ചു. മതബോധാനാധ്യാപിക നിർമല വാളിപ്ലാക്കൽ, മതബോധന അദ്ധ്യാപകരെ പുതിയതായി ചേർന്ന കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് മതബോധന ക്ലാസുകളും മലയാളം ദിവ്യബലിയും നടന്നു.
ദിവ്യബലിക്ക് ശേഷം 2023 -24 അദ്ധ്യയന വര്ഷം വേദപാഠ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, മിഷൻ ലീഗ് സംഭാവന ടിൻ കളക്ഷനിൽ കൂടുതൽ തുക സമാഹരിച്ച കുട്ടികൾക്കും വികാരി സമ്മാനങ്ങൾ നൽകി. തുടർന്ന് മതബോധാനാധ്യാപകർക്കു പാരിഷ് കമ്മിറ്റി ട്രസ്റ്റീ അഗസ്റ്റിൻ മാളിയേക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് വഴി കുട്ടികളും അധ്യാപകരും നടത്തുന്ന ഉപവി പ്രവർത്തനങ്ങളെ അച്ഛൻ അഭിനന്ദിച്ചു.