അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 2028-ല്‍ സിഡ്‌നി ആതിഥേയത്വം വഹിക്കും; പ്രഖ്യാപനവുമായി വത്തിക്കാന്‍

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 2028-ല്‍ സിഡ്‌നി ആതിഥേയത്വം വഹിക്കും; പ്രഖ്യാപനവുമായി വത്തിക്കാന്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ആഹ്‌ളാദവും ആവേശവും പകരുന്ന പ്രഖ്യാപനവുമായി വത്തിക്കാന്‍. 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2028-ല്‍ സിഡ്നിയില്‍ നടക്കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനും അനുഗ്രഹം പ്രാപിക്കാനും ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ സിഡ്നിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഓസ്‌ട്രേലിയയ്ക്കും വളരെയധികം പ്രചോദനം നല്‍കിയതായി അതില്‍ പങ്കെടുത്ത സിഡ്‌നിയിലെ സഹായ മെത്രാന്‍ റിച്ചാര്‍ഡ് അമ്പേഴ്‌സ് അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയുണ്ടായ വത്തിക്കാന്‍ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ഒരാഴ്ചത്തേക്ക് സിഡ്നി കത്തോലിക്കാ വിശ്വാസത്തിന്റെ ആഗോള തലസ്ഥാനമായി മാറും. സഭയിലെ മെത്രാന്മാരും വൈദികരും സമര്‍പിതരും അല്‍മായരും പങ്കെടുക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് രാജ്യത്തെ യുവതലമുറയ്ക്ക് ഉള്‍പ്പെടെ ആത്മീയ ഉണര്‍വ് സമ്മാനിക്കും.

2008ലെ ലോക യുവജനദിനത്തിന് ശേഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഇതെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒ.പി പറഞ്ഞു.

'അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സന്തോഷകരമായ കൂടിച്ചേരലാണ്, വിശുദ്ധ കുര്‍ബാനയില്‍ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴത്തിലാക്കാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സഹായിക്കുന്നു'.

'ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടം എന്ന നിലയില്‍, ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാനും തീക്ഷ്ണത ഉണര്‍ത്താനും വിശുദ്ധ കുര്‍ബാനയ്ക്ക് ശക്തിയുണ്ട്. നമ്മുടെ ഇടയില്‍ വസിക്കുന്ന ദൈവം, വിശുദ്ധ കുര്‍ബാനയിലൂടെ തന്റെ സ്ഥിരമായ സാന്നിധ്യം നമുക്ക് സമ്മാനിക്കുന്നു'. നാം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആയിത്തീരണം എന്ന് ഉദ്‌ബോധിപ്പിക്കുന്ന മത്തായിയുടെ സുവിശേഷം 5:13 വാക്യവും സിഡ്നി ആര്‍ച്ച് ബിഷപ്പ് പരാമര്‍ശിച്ചു.

'അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ, നമ്മുടെ ആരാധനാക്രമ ജീവിതത്തിന്റെ ഗാംഭീര്യം, സ്വാഗത മനോഭാവം, സന്തോഷം തുടങ്ങിയവ പുതുക്കാനും ക്രിസ്തീയ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ' - ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പറഞ്ഞു.

ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെയും ഓസ്ട്രേലിയയിലെ അഞ്ചാമത്തെ പ്ലീനറി കൗണ്‍സിലിന്റെയും പിന്തുണയുണ്ടായിരുന്നു. സിഡ്നിയിലെ തെരുവുകളിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന-സമാപന ദിവ്യബലികളും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ സിഡ്നിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.

'സിഡ്നി ഓസ്ട്രേലിയയുടെ ആഗോള നഗരമാണ്. ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് പോലുള്ള പ്രധാനപ്പെട്ട ചടങ്ങിന് ആതിഥേയത്വം വഹിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ നമ്മുടെ ഭക്ഷണവും സംസ്‌കാരവും ലക്ഷ്യസ്ഥാനങ്ങളും സേവനങ്ങളും ആസ്വദിക്കുന്നതോടെ നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനമുണ്ടാകും - ക്രിസ് മിന്‍സ് പറഞ്ഞു.

1973-ല്‍ മെല്‍ബണ്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. 1928-ന് ശേഷം സിഡ്നിയില്‍ ഇത് ആദ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.