മുംബൈ: ചിപ്പ് നിര്‍മാണ മേഖലയില്‍ വന്‍കിട നിക്ഷേപത്തിന് ഇസ്രേയലിലെ ടവര്‍ സെമി കണ്ടക്ടറും അദാനി ഗ്രൂപ്പും തമ്മില്‍ ധാരണ. 84,000 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലാണ് പദ്ധതി നടപ്പാക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കുന്നു.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലാണ് പ്രോജക്റ്റ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഡ്രോണുകള്‍, കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടറുകളാണ് ഇവിടെ നിര്‍മിക്കുക. സെമികണ്ടക്ടര്‍ രൂപകല്‍പന, നിര്‍മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് നീക്കം.
ടാറ്റയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്‍ിന്റെ നിര്‍മാണം ഗുജറാത്തിലെ ധോലേരയില്‍ പുരോഗമിക്കുകയാണ്. തായ്‌വാനിലെ ചിപ്പ് നിര്‍മാതാക്കളായ പി.എസ്.എം.സിയുമായി ചേര്‍ന്നാണ് ഗുജറാത്തില്‍ ടാറ്റ വമ്പന്‍ നിര്‍മാണ കേന്ദ്രം തുടങ്ങുന്നത്. ധോലേരയിലെ മാനുഫാക്ചറിങ് യൂണിറ്റിനൊപ്പം ഗുജറാത്തിലെ തന്നെ സാനന്ദിലും ആസാമിലെ മോറിഗാവിലും രണ്ട് യൂണിറ്റുകളുടെ നിര്‍മാണവും ആരംഭിച്ചു.
ഇന്ത്യന്‍ നിര്‍മിത അര്‍ദ്ധ ചാലകങ്ങളുടെ ആദ്യ സെറ്റ് ടാറ്റ ഇലക്ട്രോണിക്സിന്റെ പ്ലാന്റില്‍ നിന്ന് 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.