സമനില കുരുക്കിൽ വീണ്ടും ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സാധ്യതയും മങ്ങി

സമനില കുരുക്കിൽ വീണ്ടും ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സാധ്യതയും മങ്ങി

ഫത്തോര്‍ദ: ഒഡീഷ എഫ്‌സിക്കെതിരെ ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. 2-2നാണ് കളി അവസാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. ഒഡീഷയ്ക്കായി ദ്യേഗോ മൗറീസിയോ ഇരട്ടഗോളടിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടെണ്ണം നേടി ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചത്.

എന്നാല്‍ 74ാം മിനിറ്റില്‍ മൗറീസിയോയുടെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയ പ്രതീക്ഷ കെടുത്തി. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തി. പന്തുമായി ഹൂപ്പര്‍ ഒഡീഷ ഗോള്‍ മേഖല ലക്ഷ്യമാക്കി കുതിച്ചു. മറെയ്ക്ക് പാസ് നല്‍കാനുള്ള ശ്രമം ഒഡീഷ പ്രതിരോധം തടഞ്ഞു. ഒമ്പതാം മിനിറ്റില്‍ മറെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യഘട്ടത്തില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയെങ്കിലും ഗോളിലേക്ക് കൃത്യമായുള്ള ആക്രമണം ഉണ്ടായില്ല.

20ാം മിനിറ്റില്‍ ഒഡീഷയുടെ രാകേഷ് പ്രധാന് കിട്ടിയ അവസരം പാഴായി. 26ാം മിനിറ്റില്‍ രാഹുലിന് ബോക്‌സില്‍വച്ച് കിട്ടിയ ക്രോസ് മുതലാക്കാനായില്ല. 28ാം മിനിറ്റില്‍ ഒഡീഷയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോയുടെ ജാഗ്രത തടഞ്ഞു. ബോക്‌സിലേക്ക് കുതിച്ചെത്തിയ മൗറീസിയോ പന്തില്‍ കാല്‍തൊടുംമുമ്പ് ആല്‍ബിനോ കൈപ്പടിയിലൊതുക്കുകയായിരുന്നു.

എന്നാല്‍ കളിഗതിക്കെതിരായി ആദ്യപകുതി തീരും മുമ്പ് ഒഡീഷ ലീഡ് നേടി. ജെറിയുടെ നീക്കത്തില്‍ മൗറീസിയോ ഗോള്‍ കീപ്പര്‍ ആല്‍ബിനോയെ കീഴടക്കി. തിരിച്ചടിക്കാനുള്ള ഊര്‍ജവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്. എന്നാല്‍ 52ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് പൂര്‍ണത വന്നു. ഹൂപ്പറുടെ ബോക്‌സിലേക്കുള്ള കുതിപ്പില്‍ നിന്നായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യാതിരുന്ന മറെയിലേക്ക് ഹൂപ്പര്‍ പന്ത് നല്‍കി. മറെ പന്ത് വലയിലാക്കി.

മിനിറ്റുകള്‍ക്കുള്ളില്‍ ഹൂപ്പറുടെ മറ്റൊരു തകര്‍പ്പന്‍ നീക്കം കണ്ടു. ഗോമെസിന്റെ ലോംഗ് ബോള്‍ സഹാല്‍ പിടിച്ചെടുത്തു. സഹല്‍ പന്തുമായി മുന്നേറി. പിന്നെ ഹൂപ്പറിലേക്ക്. ഈ ഇംഗ്ലീഷുകാരന്റെ കൃത്യതയുള്ള ഷോട്ട് അര്‍ഷ്ദീപിനെ മറികടന്നു. ഒരു ഗോള്‍ ലീഡില്‍ മുന്നേറുമ്പോഴായിരുന്നു ഒഡീഷ സമനില പിടിച്ചത്. 74ാം മിനിറ്റില്‍ ബ്രാഡ് ഇന്‍മാന്റെ സ്‌ക്വയര്‍ പാസ് മൗറീസിയക്ക് കിട്ടി. ബ്രസീലുകാരന്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം സമനിലയാണിത്. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തേയ്ക്ക് കയറി. പക്ഷേ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. ഒഡീഷ പതിനൊന്നാം സ്ഥാനത്തു തന്നെയാണ്. 16ന് ഹൈദരാബാദ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.