റഷ്യന്‍ കൂലി പട്ടാളത്തില്‍ നിന്ന് മോചനം; ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു

റഷ്യന്‍ കൂലി പട്ടാളത്തില്‍ നിന്ന് മോചനം; ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: റഷ്യന്‍ കൂലി പട്ടാളത്തിലേയ്ക്ക് കബളിപ്പിച്ച് ചേര്‍ത്ത ഇന്ത്യക്കാരുടെ മോചനം യാഥാര്‍ത്ഥ്യമാകുന്നു. രണ്ട് ദിവസത്തിനകം ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയില്‍ എത്തിയ 15 അംഗ സംഘമാണ് ആദ്യം നാട്ടിലേക്ക് മടങ്ങുക. റഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരുടെ സംഘത്തെയും ഉടന്‍ നാട്ടിലെത്തിക്കുമെന്നാണ് വിവരം.

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പാര്‍ലമെന്റ് അംഗം വിക്രംജിത്ത് സിങ് സാഹ്നി എക്‌സിലൂടെ അറിയിച്ചു.

പഞ്ചാബില്‍ നിന്നുള്ള നാല് യുവാക്കളടക്കം 15 ഇന്ത്യക്കാരാണ് ആദ്യ സംഘത്തില്‍ ഉണ്ടാവുക. ഇവരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിക്കുന്നതായും എംപി അറിയിച്ചു. റഷ്യയില്‍ നിന്ന് ആദ്യ സംഘം മടങ്ങിയെത്തിയ ഉടന്‍ ശേഷിക്കുന്ന 68 ഇന്ത്യക്കാരുടെ തിരിച്ചുവരവ് കൂടി ഉറപ്പാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇന്ത്യക്കാരെ റഷ്യന്‍ കൂലി പട്ടാളത്തില്‍ എത്തിച്ചത്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഏജന്റിന്റെ കെണിയില്‍ പെട്ടവരാണ് യുവാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.