പൊലീസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നുവെന്നും ആരോപണം.
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ.
എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് പി. ശശിയും അജിത് കുമാറും ചേര്‍ന്നാണന്ന് പി.വി അന്‍വര്‍ മലപ്പുറം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. അദേഹത്തിന്റെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി. ശശിയെന്ന ബാരിക്കേഡില്‍ തട്ടി കാര്യങ്ങള്‍ നില്‍ക്കുകയാണ്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് ചതിച്ചതെന്നും പി.വി അന്‍വര്‍ പറഞ്ഞു. അദേഹത്തിന് ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നാണ് പ്രതീക്ഷ.
പൊലീസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയാണന്ന വെളിപ്പെടുത്തലും അന്‍വര്‍ നടത്തി. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. അതിനെ തുടര്‍ന്ന് അദേഹത്തിന്റെ ആശ്രമം കത്തിക്കുകയുണ്ടായി. ഈ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് നീക്കം നടത്തിയെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കല്‍ കേസ് വഴി തിരിച്ചു വിട്ടത്. ഈ ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം ബിജെപിയില്‍ സജീവമാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ആശ്രമം കത്തിച്ചത് ആര്‍എസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്ത്തകന്റെ മരണത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന സഹോദരന്റെ പരാതിയും പൊലീസ് അവഗണിച്ചു. കേസ് എഴുതിത്തള്ളി. അനിയന്‍ കൂടി ചേര്‍ന്നാണ് സന്ദീപനാന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് സഹോദരന്‍ വെളിപ്പെടുത്തിയതാണ്.
എന്നാല്‍, ആര്‍എസ്എസിനെതിരെ അന്വേഷിക്കുന്നതിന് പകരം സിപിഎം പ്രവര്‍ത്തകരുടെ ഫോണ്‍ സംഭാഷണമാണ് പൊലീസ് പരിശോധിച്ചത്. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.
ആശ്രമം കത്തിക്കല്‍ കേസില്‍ ഐ.പി ബിനു, കാരായി രാജന്‍ എന്നിവരെ കുടുക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. പ്രതിയായ പ്രകാശന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചില്ല. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടി കൂടിയത്. പി. ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതിക്കൊടുക്കുമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.