രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ചികിത്സ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ചികിത്സ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.

അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടന്‍മാര്‍ക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയില്‍ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിക്ക് അര്‍ഹതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.