കൊച്ചി: അംഗീകൃത വ്യവസ്ഥകള്‍ക്ക് വിധേയമായി വാഹനങ്ങളില്‍ സണ്‍ ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും നടപടിക്ക് വിധേയരായ വാഹന ഉടമയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
നിയമപരമായി സണ്‍ ഫിലിം ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വിധിയില്‍ വ്യക്തമാക്കി.
2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റി ഗ്ലേസിങ്' കൂടി ഉപയോഗിക്കാം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019 ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായത്. മുന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ സണ്‍ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി അറിയിച്ചു.
ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിന് മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പു വരുത്തുന്ന ഗ്ലേസിങ് നിലനിര്‍ത്താന്‍ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ളതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.